മണിക്കൂറുകൾ ഒപ്പമുണ്ടായിട്ടും ഒന്നും മിണ്ടാതെ പരസ്യ വിമർശനം; ലതിക സുഭാഷിനെതിരെ രോഷം പൂണ്ട് മുല്ലപ്പള്ളി

തിരുവനന്തപുരം: കെപിസിസി പുനസംഘടനാ ലിസ്റ്റിനെ ചൊല്ലിയുള്ള കോൺഗ്രസ് പാർട്ടിക്കുള്ളിലെ തർക്കം മറ്റൊരു തലത്തിലേക്ക് നീങ്ങുന്നു. വനിതാ പ്രാതിനിധ്യക്കുറവിനെതിരെ കടുത്ത വിമർശനം ഉന്നയിച്ച മഹിളാ കോൺഗ്രസ് അധ്യക്ഷ ലതിക സുഭാഷിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.

കോഴിക്കോട്ട് പാർട്ടി പരിപാടിക്കിടെ ലതിക സുഭാഷിനെ കഴിഞ്ഞ ദിവസം കണ്ടിരുന്നു. പുനസംഘടനാ പട്ടികയിൽ വനിതാ പ്രാതിനിധ്യം പോരെന്ന് ലതിക സുഭാഷിനോട് അങ്ങോട്ട് പറയുകയായിരുന്നു. മണിക്കൂറുകൾ ഒരുമിച്ച് ഉണ്ടായിരുന്നിട്ടും അപ്പോഴൊന്നും ഒരു പരാതിയും പറയാതെ പിന്നീട് വാർത്താ സമ്മേളനം നടത്തിയെങ്കിൽ അത് ഗൗരവത്തോടെയാണ് കാണുന്നത്. പരസ്യ പ്രതികരണം പാടില്ലെന്നും നടപടി ഉണ്ടാകുമെന്നും പാർട്ടി നിലപാട് എടുത്താൽ അത് എല്ലാവർക്കും ബാധകമാകുമെന്നും മുല്ലപ്പള്ളി തിരുവനന്തപുരത്ത് ഓർമ്മിപ്പിച്ചു.

അതേസമയം കെപിസിസി ഭാരവാഹികളുടെ പട്ടികയിൽ ഒരു വനിതാ പ്രതിനിധി മാത്രമാണ് ഉള്ളതെന്നും സ്ത്രീകളുടെ മനസിനെ വ്രണപ്പെടുത്തുന്നതാണ് പട്ടികയെന്നും ലതിക സുഭാഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതാണ് കെപിസിസി അധ്യക്ഷനെ പ്രകോപിപ്പിച്ചത്.

Exit mobile version