വിത്ത് നൽകി ക്ഷണം; ഉപഹാരമായി ലഭിക്കുന്ന തുക സൈനികർക്ക്; യാത്ര കെഎസ്ആർടിസിയിൽ; അതിഥികൾക്ക് തുണി സഞ്ചി സമ്മാനം; സനലും ധന്യയും വിവാഹിതരാകുന്നതിങ്ങനെ

എലവഞ്ചേരി: പാലക്കാട് ഇന്നുനടക്കുന്ന വിവാഹത്തിനും വിവാഹ സൽക്കാരത്തിനും പ്രത്യേകതകൾ എന്താണ് എന്ന് ചോദിച്ചാൽ പ്രത്യേകതകളേ ഉള്ളൂ എന്നാണ് ഉത്തരം. വിവാഹ ചടങ്ങുകളിൽ ഹരിത പ്രോട്ടോക്കോൾ പാലിക്കുന്നു എന്നത് മാത്രമല്ല, സനലും ധന്യയും ഒന്നാകുന്നത് പ്രകൃതി സംരക്ഷണത്തിന്റെയും ആർഭാടം ഒഴിവാക്കുന്നതിന്റേയും സന്ദേശങ്ങൾ പകർന്ന് നൽകികൊണ്ടാണ്.

കൊട്ടയങ്കാട് പഴനിമല-ചന്ദ്രിക ദമ്പതികളുടെ മകനും ചെന്നൈയിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ സീനിയർ എഞ്ചിനീയറിങ് അസിസ്റ്റന്റുമായ സനലും ചിറ്റൂർ വിളയോടി വാസു-പങ്കജം ദമ്പതികളുടെ മകളും കന്നിമാരി ഗവ.ഹയർ സെക്കന്ററി സ്‌കൂളിലെ ഗസ്റ്റ് അധ്യാപികയുമായ ധന്യയും വിവാഹിതരാകുമ്പോഴാണ് പുതിയൊരു വിവാഹ മാതൃക സൃഷ്ടിക്കുന്നത്.

വിത്തുകൾ ഉൾപ്പെടുത്തിയ പേപ്പറിൽ അച്ചടിച്ച പത്രിക നൽകിയായിരുന്നു വിവാഹ ക്ഷണം നടത്തിയത്. വിവാഹ സൽക്കാരത്തിന് ഉപഹാരമായി ലഭിക്കുന്ന തുക സൽക്കാര വേദിയിൽ നിന്ന് ഓൺലൈനായി സൈനികരുടെ കുടുംബത്തിന്റെ പുനരധിവാസത്തിനായി ഭാരത് കി വീർ കോർപസ് ഫണ്ടിലേക്കു ടാൻസ്ഫർ ചെയ്യും. ടെറിട്ടോറിയൽ ആർമിയുടെ ബംഗാൾ റെജിമെന്റിൽ ശിപായി റാങ്കിൽ ജവാൻ കൂടിയാണു വരൻ സനൽ.

കെഎസ്ആർടിസി ബസ് അലങ്കരിച്ചാണ് കൊട്ടയംകാട്ടിലെ വീട്ടിൽ നിന്നു വധുഗൃഹത്തിലേക്കും തിരിച്ചും യാത്ര വരന്റേയും കൂട്ടരുടേയും യാത്ര. സ്‌നേഹ സദൻ, നെന്മാറ ചിൽഡ്രൻസ് ഹോം എന്നിവിടങ്ങളിലെ കുട്ടികളാണ് വിവാഹ സൽക്കാരത്തിലെ മുഖ്യാതിഥികൾ. സദ്യയുടെ അവശിഷ്ടങ്ങൾ ജൈവ വളമാക്കി നാട്ടിലെ കർഷകർക്കു വിതരണം ചെയ്യും. വിവാഹ അലങ്കാരങ്ങൾ പൂർണമായും പ്രകൃതി സൗഹൃദമായിരിക്കും.

വിവാഹത്തിനെത്തുന്നവർക്കു തുണി സഞ്ചി, തേക്കിൻതൈ, പച്ചക്കറി വിത്തുകൾ, വിത്ത് ഉണ്ട, വിത്തുകൾ ഉൾപ്പെടുത്തിയ പേപ്പർ പേനകൾ എന്നിവ സമ്മാനമായി നൽകും. ലളിതമായ ആഭരണങ്ങൾ മാത്രം അണിഞ്ഞു സ്വർണ്ണവും മറ്റ് ആഡംബരങ്ങളും ഒഴിവാക്കിയാകും വധു ചടങ്ങുകളിൽ തിളങ്ങുക.

Exit mobile version