നിയമസഭാ നടപടിയെ പരസ്യമായി അവഹേളിച്ചു; ഈ ഗവര്‍ണറെ ഞങ്ങള്‍ക്ക് വേണ്ട, തിരിച്ചുവിളിക്കണമെന്ന് പ്രതിപക്ഷം

കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിപക്ഷം. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്നു രാഷ്ട്രപതിയോട് അഭ്യര്‍ഥിക്കുന്ന പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടി സ്പീക്കര്‍ക്കു നോട്ടിസ് നല്‍കിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പൗരത്വ നിയമവുമായി ബന്ധപ്പെട്ടു നിയമസഭ പാസാക്കിയ പ്രമേയത്തിന് എതിരെ പരസ്യ നിലപാടു സ്വീകരിക്കുന്ന ഗവര്‍ണറുടെ നടപടികളില്‍ പ്രതിഷേധിച്ചാണു പ്രതിപക്ഷം ആരിഫ് മുഹമ്മദി ഖാനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഗവര്‍ണര്‍ പരസ്യമായി നിയമസഭാ നടപടിയെ ചോദ്യം ചെയ്യുകയും അവഹേളിക്കുകയും ചെയ്യുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു.

സ്പീക്കറുടെ അനുമതിയോടെ വോട്ടെടുപ്പില്ലാതെ ഏകകണ്ഠമായാണ് പ്രമേയം സഭ പാസാക്കിയത്. നിയമസഭയുടെ ഭാഗമാണ് ഗവര്‍ണര്‍. എന്നാല്‍ പ്രമേയത്തെ തള്ളിപ്പറയുകയും നിയമസഭ കൂടിയതിനെ അവഹേളിക്കുകയും ചെയ്ത ഗവര്‍ണര്‍ സഭയുടെ അന്തസ്സിനെയും മഹത്വത്തെയും ഗുരുതരമായി ബാധിച്ച പ്രശ്‌നമാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

ഗവര്‍ണര്‍ നിയമസഭയുടെ അന്തസ്സ് ചോദ്യം ചെയ്യുകയാണെന്നും പ്രമേയത്തെ ഗവര്‍ണര്‍ തള്ളിപ്പറഞ്ഞതു സഭയുടെ അന്തസ്സിനു കളങ്കമാണെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.ഗവര്‍ണര്‍ നിയമസഭയുടെ അന്തസ്സ് ചോദ്യം ചെയ്യുകയാണ്. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിന്‍മേല്‍ ഗവര്‍ണര്‍ വിശദീകരണം തേടിയതു കടന്ന കയ്യാണെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു

അതിനുള്ള അധികാരം ഗവര്‍ണര്‍ക്കുണ്ടോയെന്നു സംശയമുണ്ട്. ഗവര്‍ണര്‍ നിയമസഭയുടെ അന്തസ്സിനെയും അധികാരത്തെയും ചോദ്യം ചെയ്യുകയാണെന്നും ശ്രീരാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി എന്തുകൊണ്ടാണു നിശബ്ദത പാലിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. അതേസമയം പ്രതിപക്ഷത്തിന്റെ നോട്ടീസ് ലഭിച്ചതായും, ഗൗരവകരമായി പരിഗണിക്കുമെന്നും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

Exit mobile version