കൊറോണ വൈറസ്: സൗദിയിലെ മലയാളി നഴ്‌സുമാരുടെ വിഷയത്തില്‍ ഗൗരവമായി നടപടി വേണം; കേന്ദ്രത്തിന് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: സൗദി അറേബ്യയിലെ അസിര്‍ അബാ അല്‍ ഹയാത്ത് ആശുപത്രിയിലെ മലയാളി നേഴ്‌സുമാര്‍ക്ക് കോറോണ വൈറസ് ബാധയുണ്ടായ സംഭവം ഗൗരവമായി കണ്ട് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു.

സൗദി സര്‍ക്കാരുമായി ബന്ധപ്പെട്ട് രോഗബാധയുള്ളവര്‍ക്ക് വിദഗ്ധ ചികിത്സയും സംരക്ഷണവും ഉറപ്പുവരുത്തുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. സൗദി അറേബ്യയിലെ അസിര്‍ അബാ അല്‍ ഹയാത്ത് ആശുപത്രിയിലെ മലയാളി നേഴ്‌സുമാര്‍ക്ക് മതിയായ ചികിത്സയോ കൃത്യമായ ഭക്ഷണമോ കിട്ടുന്നില്ലെന്ന പരാതിയും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി കത്തയച്ചത്.

കൊറോണ വൈറസ് ബാധിച്ച ഫിലിപ്പൈന്‍സ് യുവതിയെ ചികിത്സിച്ച ഏറ്റുമാനൂര്‍ സ്വദേശിനിയായ നഴ്‌സിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. കൂടാതെ ഫിലിപ്പൈന്‍സ് യുവതിയെ ചികിത്സിച്ച 30 മലയാളി നഴ്‌സുമാരെ പ്രത്യേക മുറിയിലേക്ക് മാറ്റിയിരുന്നു. ഇവര്‍ക്ക് മതിയായ ചികിത്സയോ കൃത്യമായ ഭക്ഷണമോ കിട്ടുന്നില്ലെന്ന പരാതിയും ഉയര്‍ന്നിരുന്നു.

Exit mobile version