പഴംപൊരി ഉള്‍പ്പെടെയുള്ള പലഹാരങ്ങള്‍ക്ക് ഇരട്ടി വില! യാത്രക്കാരെ പിഴിയാനൊരുങ്ങി റെയില്‍വേ

പഴംപൊരി ഉള്‍പ്പെടെയുള്ള പലഹാരങ്ങള്‍ക്ക് എട്ട് രൂപയില്‍ നിന്ന് 15 രൂപയാക്കി വര്‍ധിപ്പിച്ചു

തിരുവനന്തപുരം: ഇന്ത്യന്‍ റെയില്‍വേയുടെ ഭക്ഷണശാലകളില്‍ നിന്നും മലയാളികളുടെ പ്രിയ ഭക്ഷണങ്ങള്‍ ഒഴിവാക്കിയ തീരുമാനം ഐആര്‍സിടിസി പിന്‍വലിച്ചെങ്കിലും വിലയില്‍ വന്‍ വര്‍ധന.

മീന്‍കറി, പഴംപൊരി എന്നിവയുടെ വിലയാണ് ഇരട്ടിയാക്കിയാക്കിയത്. പഴംപൊരി ഉള്‍പ്പെടെയുള്ള പലഹാരങ്ങള്‍ക്ക് എട്ട് രൂപയില്‍ നിന്ന് 15 രൂപയാക്കി വര്‍ധിപ്പിച്ചു. മീന്‍കറി ഉള്‍പ്പെടുത്തിയ ഊണിന് 35 രൂപയില്‍ നിന്ന് 70 രൂപയാക്കി.

ട്രെയിനുകളിലെ ഭക്ഷണ നിരക്ക് കൂട്ടിയതിന് പിന്നാലെ റെയില്‍വേ സ്റ്റേഷനുകളിലെ സ്റ്റാളുകളിലെ വില നിരക്കുകളും തോന്നിയപോലെ കൂട്ടിയിരിക്കുകയാണ്. ആലു ബോണ്ട, കച്ചോരി, സമൂസ എന്നിവയ്ക്കു 2 എണ്ണത്തിന് 20 രൂപ എന്നിങ്ങനെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

രണ്ട് ഇഡലിക്കൊപ്പം 30 ഗ്രാം വീതമുളള രണ്ട് ഉഴുന്നുവട നിര്‍ബന്ധമായി വാങ്ങണമെന്നും പുതിയ പാക്കേജിലുണ്ട്. മൂന്നാമതൊരു ഇഡലി വേണമെങ്കില്‍ വീണ്ടും ഇതേ കോംബോ 35 രൂപ കൊടുത്തു വാങ്ങണം. ഇന്ത്യന്‍ റെയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷനാണു (ഐആര്‍സിടിസി) മെനു പരിഷ്‌കരിച്ചു നിരക്കുകള്‍ വര്‍ധിപ്പിച്ചത്.

അതേസമയം, ഇത്തരം പാക്കേജുകളിലൂടെ നിര്‍ബന്ധിച്ച് ഭക്ഷണ സാധനങ്ങള്‍ വലിയ വിലയില്‍ അടിച്ചേല്‍പ്പിക്കുന്നത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.

Exit mobile version