ശബരിമല ശാന്തം: ഭക്തര്‍ക്കായുള്ള കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസുകളില്‍ വന്‍ വര്‍ധനവ്

സംഘ്പരിവാര്‍ പ്രതിഷേധങ്ങളും സമരങ്ങളുമില്ലെങ്കില്‍ വരുംദിവസങ്ങളിലും കൂടുതല്‍ ഭക്തര്‍ സന്നിധാനത്തേക്ക് എത്തുമെന്നുതന്നെയാണ് അധികൃതരുടെ പ്രതീക്ഷ.

നിലക്കല്‍: ശബരിമലയില്‍ സംഘര്‍ഷങ്ങള്‍ വഴിമാറി സന്നിധാനം ശാന്തമായതോടെ മണ്ഡലകാലം ആരംഭിച്ച് ഒരാഴ്ചക്കുശേഷം നിലക്കല്‍-പമ്പ കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് ഷെഡ്യൂളുകളില്‍ വന്‍ വര്‍ധന. വെള്ളിയാഴ്ച എഴുന്നൂറോളം എസി, നോണ്‍ എസി, ഇലട്രിക് ബസ് ഷെഡ്യൂളുകളാണ് നിലക്കല്‍ ഡിപ്പോയില്‍നിന്ന് കെഎസ്ആര്‍ടിസി നടത്തിയത്. വ്യാഴാഴ്ച 358 ഷെഡ്യൂളായിരുന്നു. നവംബര്‍ 16ന് നടതുറന്ന ശേഷമുള്ള കെഎസ്ആര്‍ടിസിയുടെ ഉയര്‍ന്ന ചെയിന്‍ സര്‍വീസായിരുന്നു വെള്ളിയാഴ്ചത്തേത്.

സംഘ്പരിവാര്‍ പ്രതിഷേധങ്ങളും സമരങ്ങളുമില്ലെങ്കില്‍ വരുംദിവസങ്ങളിലും കൂടുതല്‍ ഭക്തര്‍ സന്നിധാനത്തേക്ക് എത്തുമെന്നുതന്നെയാണ് അധികൃതരുടെ പ്രതീക്ഷ. നിലക്കലില്‍നിന്ന് നിലവില്‍ പമ്പയിലേക്ക് 152 എസി-നോണ്‍ എസി ബസുകളും പമ്പയില്‍നിന്ന് 70 എസി-നോണ്‍ എസി ബസുകളും ഇലക്ട്രിക്കല്‍ ബസുകളുമാണ് കെഎസ്ആര്‍ടിസി ഓപ്പറേറ്റ് ചെയ്യുന്നത്.

Exit mobile version