ഏഴ് വർഷമായി പരിസ്ഥിതി സൗഹാർദ്ദ ബാഗ് നിർമ്മാണത്തിന്റെ തിരക്കിൽ; പ്ലാസ്റ്റിക്ക് ബദൽ ഉൽപന്ന മേളയിൽ ശ്രദ്ധേയനായി എംആർസിബിയും സുഹൃത്തുക്കളും

തിരുവനന്തപുരം: ഹരിത കേരള മിഷൻ സംഘടിപ്പിക്കുന്ന ശുചിത്വ സംഗമം പ്ലാസ്റ്റിക്ക് ബദൽ ഉൽപന്നങ്ങളുടെ മേളയിലും വിപണനത്തിലും ശ്രദ്ധേയമായി ഈ കുടുംബവും സുഹൃത്തുക്കളുടെ കൂട്ടവും. തിരുവനന്തപുരം കേന്ദ്രീകരിച്ച് കഴിഞ്ഞ ഏഴ് വർഷമായി തുണിയിലും ജൂട്ടിലും പരിസ്ഥിതി സൗഹാർദ്ദ ബാഗുകളും വ്യത്യസ്ത ഉൽപന്നങ്ങളും നിർമ്മിച്ച് മിതമായ വിലയിൽ മാർക്കറ്റിൽ എത്തിക്കുന്ന ഒരു കുടുംബമാണ് എല്ലാവരുടേയും ശ്രദ്ധയാകർഷിക്കുന്നത്.

യുവ സംരഭകനും ഇടത് പക്ഷ യുവജന സംഘടന പ്രവർത്തകനുമായ എംആർസിബിയും കുടുംബവുമാണ് സ്ഥാപനത്തിന് നേതൃത്വം നൽകുന്നത്. കേരള ബാഗ് എന്ന പേരിലാണ് ബാഗുകളുടെ നിർമ്മാണം.

ഇവർ നിർമ്മിക്കുന്ന ഉൽപന്നങ്ങൾക്ക് ഇതിനോടകം തന്നെ ഇന്ത്യയിലും വിദേശത്തും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏഴ് ദിവസമായി തിരുവനന്തപുരം സൂര്യകാന്തി ഓഡിറ്റോറിയത്തിൽ നടക്കുന്ന മേളയിൽ കേരള ബാഗിന് മന്ത്രി തോമസ് ഐസക്, എസി മൊയ്തീൻ, ടിഎൻ സീമ തുടങ്ങി നിരവധി പ്രമുഖരുടെ അഭിനന്ദനവും ലഭിച്ചു.

ജീവിതം തുന്നിച്ചേർക്കുന്നതിനൊപ്പം നിരവധി പേർക്ക് തൊഴിൽ നല്കാനും സമൂഹത്തിന് തങ്ങളാൽ കഴിയുന്ന നന്മ ചെയ്യാനും ശ്രമിക്കുകയാണ് കേരല ബാഗ് നിർമ്മാണത്തിലൂടെ ഒരു കൂട്ടം ചെറുപ്പക്കാർ. വിവിധ ഇടങ്ങളിൽ നടക്കുന്ന സ്റ്റാളുകളിലൂടെയും സാംസ്‌കാരിക സമ്മേളനങ്ങൾ, രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനങ്ങൾ, സ്‌കൂൾ കുട്ടികളിലൂടെ ഒക്കെയാണ് ബാഗുകളുടെ വിപണനം.


കേരളത്തിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ സിഐടിയു സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയിൽ ആയിരത്തിലധികം ബാഗുകളാണ് ഇവർ നിർമ്മിച്ച് നൽകിയത്. കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും സഹകരണമാണ് കേരള ബാഗ് എന്ന സ്ഥാപനത്തിന്റെ വിജയകരമായ മുന്നേറ്റത്തിന് പ്രചോദനമെന്ന് എംആർസിബി ബിഗ് ന്യൂസിനോട് പറഞ്ഞു.

Exit mobile version