മിസ് സൗത്ത് ഇന്ത്യ കിരീടം ചൂടി മലയാളിയായ ഐശ്വര്യ സജു; വിദ്യ ഫസ്റ്റ് റണ്ണർഅപ്പ്

കല്യാശ്ശേരി: കണ്ണൂരിൽ സംഘടിപ്പിച്ച പെഗാസസ് മിസ് സൗത്ത് ഇന്ത്യ സൗന്ദര്യ മത്സരത്തിൽ കേരളത്തിന്റെ ഐശ്വര്യ സജുവിന് കിരീടം. ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട 23 പേരാണ് മത്സരത്തിൽ മാറ്റുരച്ചത്. കേരളത്തിന്റെ തന്നെ വിദ്യ വിജയ്കുമാർ രണ്ടാം സ്ഥാനവും കർണാടകയിൽ നിന്നെത്തിയ സുന്ദരി ശിവാനി റായി മൂന്നാം സ്ഥാനവും നേടി.

കേരളം, കർണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരായിരുന്നു മത്സരാർത്ഥികൾ. ഡിസൈൻ സാരി, റെഡ് കോക്കെയിൽ, ബ്ലാക്ക് ഗൗൺ തുടങ്ങിയ മൂന്നു റൗണ്ടുകളിലൂടെയാണ് മിസ് സൗത്ത് ഇന്ത്യയെ തെരഞ്ഞെടുത്തത്. ആദ്യ ഘട്ടത്തിനുശേഷം 12 പേരെയും രണ്ടാംഘട്ടത്തിനുശേഷം ആറുപേരെയും തെരഞ്ഞെടുത്തതിനുശേഷമാണ് ഫൈനൽ അരങ്ങേറിയത്.

അഭിരാമി അയ്യർ, അംബിക, കെഎ കുര്യച്ചൻ, റജിമോൻ എന്നിവരായിരുന്നു വിധികർത്താക്കൾ. കല്യാശ്ശേരി മാങ്ങാട്ടുപറമ്പ് ലക്‌സോട്ടിക്ക കൺവെൻഷൻ സെന്ററിലായിരുന്നു മത്സരങ്ങൾ നടന്നത്. മത്സരവിജയികൾക്ക് മിസ് ഏഷ്യ മത്സരങ്ങളിൽ മാറ്റുരയ്ക്കാനാകും.

Exit mobile version