ഒരു കൂട്ടരെന്നും വിറകുവെട്ടുകാരും വെള്ളംകോരികളും; ഭാരവാഹികൾ കൂടിയതുകൊണ്ട് സംഘടന ശക്തിപ്പെടില്ല; കെപിസിസിയുടെ ജംബോ പട്ടികയ്ക്ക് എതിരെ കെ മുരളീധരൻ

തിരുവനന്തപുരം: ദേശീയ നേതൃത്വത്തിന് നൽകാൻ കെപിസിസി പുനഃസംഘടനയ്ക്കായി ഇത്തവണയും ഭാരവാഹികളുടെ ജംബോ പട്ടിക തയ്യാറാക്കിയതിനെതിരെ കെ മുരളീധരൻ എംപി. കെപിസിസി ഭാരവാഹികളുടെ എണ്ണം കൂടിയത് കൊണ്ട് സംഘടന ശക്തിപ്പെടില്ലെന്ന് മുരളീധരൻ വിമർശിച്ചു. ഭാരവാഹികളുടെ എണ്ണം കുറയുന്നതാണ് സംഘടനക്ക് എപ്പോഴും നല്ലത്. എംപിമാർക്കും എംഎൽഎമാർക്കും ധാരാളം ജോലികളുണ്ട്. എംപിമാർക്ക് പാർലമെന്റ് സമ്മേളനത്തിലും കമ്മിറ്റികളിലും പങ്കെടുക്കേണ്ടതുണ്ട്. സംഘടനാ ഭാരവാഹിത്വത്തിൽ നിന്ന് ഒഴിയാനുള്ള താൽപര്യം പാർട്ടി അധ്യക്ഷയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പുനഃസംഘടന വൈകുന്നത് കാരണം പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരം വേണ്ടവിധത്തിൽ നയിക്കാനാകുന്നില്ലെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

എംഎൽഎയും മന്ത്രിയും കെപിസിസി ഭാരവാഹികളും ആകാൻ ഒരുകൂട്ടരും ബാക്കിയുള്ളവർ വിറക് വെട്ടികളും വെള്ളം കോരികളും ആകുന്ന രീതിയോട് യോജിപ്പില്ല. ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ ശരിയാണോ എന്ന് കാലം തെളിയിക്കും. കോൺഗ്രസ് കേന്ദ്ര നേതൃത്വം എന്ത് തീരുമാനിച്ചാലും അംഗീകരിക്കുമെന്നും മുരളീധരൻ പറഞ്ഞു.

പൗരത്വ വിഷയം കാര്യമായി ഏറ്റെടുക്കാൻ കോൺഗ്രസിനായില്ലെന്നും മുരളീധരൻ വിമർശിച്ചു. കോൺഗ്രസായിരുന്നു സമരങ്ങൾക്ക് നേതൃത്വം നൽകേണ്ടിയിരുന്നത്. പൗരത്വ സമരത്തിൽ സജീവമാകാൻ കഴിയാത്തത് പുനഃസംഘടന വൈകുന്നത് മൂലമാണ്. വിവാദ നിയമത്തിനെതിരെ പാർലമെന്റിന് അകത്തും പുറത്തും ശക്തമായ പ്രകടനം കാഴ്ചവെച്ചത് കോൺഗ്രസ് പാർട്ടിയാണെന്ന് അവകാശപ്പെട്ട അദ്ദേഹം പഞ്ചാബ് അടക്കമുള്ള നിയമസഭകൾ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയ സംഭവം ചൂണ്ടിക്കാട്ടി.

Exit mobile version