അച്ഛന്റെ കണ്ണുവെട്ടിച്ച് വണ്ടികൾ ചീറിപ്പായുന്ന റോഡിലേക്ക് മുട്ടിലിഴഞ്ഞ് പിഞ്ചുകുഞ്ഞ്; സാഹസികമായി രക്ഷപ്പെടുത്തി മീൻവണ്ടിയിലെത്തിയ യുവാക്കൾ; ഞെട്ടലിൽ നിന്നും മുക്തരാകാതെ കുടുംബം

കൊല്ലം: ഇടതടവില്ലാതെ വാഹനങ്ങൾ നിരയായി തലങ്ങും വിലങ്ങും കുതിച്ചുപായുന്ന ദേശീയപാതയിൽ മുട്ടിലിഴഞ്ഞ് നടന്ന പിഞ്ചുകുഞ്ഞിന് രക്ഷകരായി മീൻ കയറ്റിവന്ന വാൻ. മീനുമായി കൊല്ലത്തു നിന്നു തിരുവനന്തപുരം ഭാഗത്തേക്കു പോകുകയായിരുന്ന വാനിലുണ്ടായിരുന്നവരാണ് വാഹനം റോഡിനു കുറുകെ നിർത്തി കുഞ്ഞിനെ വാരിയെടുത്ത് രക്,ിച്ചത്. ഇന്നലെ രാവിലെ പത്തു മണിയോടെ പാരിപ്പള്ളിക്കു സമീപമായിരുന്നു സംഭവം. കുഞ്ഞിനെ ബന്ധുക്കളെ ഏൽപിച്ചു വാനിൽ യാത്ര തുടർന്ന സംഘം ആരാണെന്ന് ഇപ്പോഴും അറിയില്ലെങ്കിലും അവർക്ക് നന്ദി പറയുകയാണ് ഒരു നാടാകെ.

റോഡരികിൽ നിന്നും കഷ്ടിച്ച് 20 മീറ്റർ മാത്രം അകലമുള്ള വീട്ടിൽ നിന്നാണ് ഒരു വയസ്സും 2 മാസവും പ്രായമുള്ള ആ കുഞ്ഞ് ആരും അറിയാതെ റോഡിലേക്ക് സവാരിക്കിറങ്ങിയത്. ദേശീയപാതയുടെ മധ്യഭാഗത്ത് കുഞ്ഞ് മുട്ടിലിഴഞ്ഞ് എത്തിയപ്പോഴായിരുന്നു മീൻവണ്ടി പാഞ്ഞുവന്നത്. റോഡിൽ പിഞ്ചുകുഞ്ഞിനെ കണ്ട് ഹോണടിച്ച് ഡ്രൈവർ കുഞ്ഞിന് രക്ഷാകവചം തീർത്ത് വാൻ കുറുകെ നിർത്തി. ഈ സമയം ഇരുവശത്തുനിന്നും വന്ന അമ്പതിലേറെ വാഹനങ്ങളാണ് നിരനിരയായി റോഡിൽ കിടന്നത്.

വാനിൽ ഡ്രൈവർക്കൊപ്പം ഉണ്ടായിരുന്ന ആൾ ഓടിയിറങ്ങി കുഞ്ഞിനെ എടുക്കുകയായിരുന്നെന്നു ദൃക്‌സാക്ഷികൾ പറയുന്നു. റോഡിലെ ബഹളം കേട്ടു വാഹനാപകടം ആണെന്നു കരുതി പരിസരവാസികളും പാഞ്ഞെത്തി. പിന്നാലെ ബന്ധുക്കളും. രാവിലെ അച്ഛൻ മുറ്റത്തേക്കിറങ്ങിയപ്പോൾ ഒപ്പമിറങ്ങിയതായിരുന്നു കുഞ്ഞ്. കാണാതായപ്പോൾ വീടിനകത്തേക്ക് കയറിയെന്നാണ് അച്ഛൻ കരുതിയത്. എന്നാൽ കക്ഷി മുട്ടിലിഴഞ്ഞും പിച്ചവെച്ചുമെല്ലാം റോഡിലെത്തിയിരുന്നു.

അതേസമയം, റോഡിൽ നിന്നും ബഹളം കേട്ടെങ്കിലും അപകടം നടന്നതാണെന്നാണു വീട്ടുകാരും ധരിച്ചത്. അതുകൊണ്ടുതന്നെ റോഡിലേക്കെത്തിയപ്പോൾ തങ്ങളുടെ പൊന്നോമനയെ രക്ഷിച്ചതാണെന്ന് അറിഞ്ഞ് ഇപ്പോഴും ആ ഞെട്ടലിൽ നിന്നു മുക്തരായിട്ടില്ല കുടുംബം. എങ്കിലും ഒരു പോറൽപോലും ഏൽക്കാതെ അവനെ തിരികെക്കിട്ടിയതിലുള്ള ആശ്വാസത്തിലാണ് അച്ഛനും അമ്മയും 4 വയസ്സുകാരൻ സഹോദരനും.

Exit mobile version