ദേശീയ പാതയോരത്ത് രണ്ട് ദിവസമായി കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍; ഓട്ടോ ഡ്രൈവര്‍മാര്‍ പരിശോധിച്ചപ്പോള്‍ കാറിനുള്ളില്‍ അവശയായ സ്ത്രീ; വയനാട് സ്വദേശിനിയെന്ന് സംശയം

വയനാട് സ്വദേശിനി ലൈലാമണിയാണ് ഇവരെന്നാണ് പോലീസിന് ലഭിച്ച വിവരം

അടിമാലി: രോഗ ബാധിതയായ അവശയായ വീട്ടമ്മയെ കാറിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഇടുക്കി ജില്ലയിലെ അടിമാലിയിലാണ് സംഭവം. വയനാട് സ്വദേശിനി ലൈലാമണിയാണ് ഇവരെന്നാണ് പോലീസിന് ലഭിച്ച വിവരം. പ്രദേശത്തെ ഓട്ടോ ഡ്രൈവര്‍മാരാണ് വീട്ടമ്മയെ കാറിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയത്.

രണ്ട് ദിവസമായി ദേശീയ പാതയോരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്ന കാര്‍ കണ്ട് സംശയം തോന്നിയതോടെ ഓട്ടോഡ്രൈവര്‍മാര്‍ പരിശോധിച്ചപ്പോഴാണ് വീട്ടമ്മയെ കാറിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ ഇവര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസാണ് വീട്ടമ്മയെ ആശുപത്രിയില്‍ എത്തിച്ചത്.

തീര്‍ത്തും അവശ നിലയില്‍ ആയതിനാല്‍ കൃത്യമായ വിവരങ്ങള്‍ പോലീസിന് നല്‍കാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. വീട്ടമ്മയുടെ ശരീരത്തിന്റെ ഒരുവശം തളര്‍ന്ന നിലയിലാണ്. കാറ് പരിശോധിച്ച പോലീസ് വാഹനത്തിന്റെ താക്കോലും വീട്ടുപകരണങ്ങളും കണ്ടെത്തി. ചില ബാങ്ക് ഇടപാടുകളുടെ രേഖകളും പോലീസിന് ലഭിച്ചിട്ടുണ്ട്.

വാഹനത്തിന്റെ രജിസ്റ്റര്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വയനാട് സ്വദേശി മാത്യുവിന്റെ കാറാണ് ഇതെന്ന് കണ്ടെത്തിയിട്ടുണ്ട്. കട്ടപ്പന ഇരട്ടയാറിലുള്ള മകന്റെ വീട്ടിലേക്ക് പോകുംവഴി അടിമാലിയില്‍ കാര്‍ നിര്‍ത്തി ഭര്‍ത്താവ് ശുചിമുറിയില്‍ പോയെന്നാണ് വീട്ടമ്മ പോലീസിനോട് പറയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.

Exit mobile version