യുദ്ധം ഒഴിവാക്കാന്‍ ചര്‍ച്ചകള്‍ക്ക് ഇനിയും സമയമുണ്ട്; അമേരിക്കയോട് ഇറാന്‍

തെഹ്‌റാന്‍: യുദ്ധം ഒഴിവാക്കാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ഇനിയും അവസരമുണ്ടെന്ന് അമേരിക്കയോട് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. അധാര്‍മ്മിക നടപടികളിലൂടെ ഇറാനെ അമര്‍ച്ച ചെയ്യാമെന്ന വ്യാമോഹം ഉപേക്ഷിക്കണമെന്നും യാഥാര്‍ഥ്യബോധത്തോടെയുളള നടപടികള്‍ സ്വീകരിച്ചാല്‍ ഗള്‍ഫ് മേഖലയില്‍ രൂപപ്പെട്ട യുദ്ധസാഹചര്യം ഇല്ലാതാക്കാനാവുമെന്നും അമേരിക്കയോട് ഇറാന്‍ പ്രസിഡന്റ് വ്യക്തമാക്കി.

ആണവ പദ്ധതിയുമായി രാജ്യം മുന്നോട്ടു തന്നെ പോകുമെന്നും 2015ലെ ആണവ കരാറിലേക്ക് അമേരിക്ക തിരിച്ചുവരാന്‍ തയാറാകണമെന്നും 2015ന്റെ ആണവ കരാറിന്റെ സമയത്തുള്ളതിനേക്കാള്‍ മികച്ച പുരോഗതി ഇപ്പോള്‍ പദ്ധതിക്കുണ്ടെന്നും റൂഹാനി വ്യക്തമാക്കി.

അതേ സമയം യുറേനിയും സമ്പുഷ്ടീകരണ തോത് നിജപ്പെടുത്തുന്ന പ്രശ്‌നമില്ലെന്ന ഇറാന്‍ നിലപാട് വന്‍ശക്തി രാജ്യങ്ങളും തെഹ്‌റാനുമായുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാക്കി. മാനദണ്ഡങ്ങള്‍ മറികടന്ന് യുറേനിയം സമ്പുഷ്ടീകരണ പ്രക്രിയ മുന്നോട്ടു കൊണ്ടു പോകാനുള്ള തീരുമാനം നിര്‍ഭാഗ്യകരമാണെന്ന് ആണവ കരാറിന്റെ ഭാഗമായ ഫ്രാന്‍സ്, ജര്‍മ്മനി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ വ്യക്തമാക്കി.ആണവായുധം സ്വന്തമാക്കാന്‍ ഒരു നിലക്കും ഇറാനെ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Exit mobile version