അമേരിക്കയിലെ പ്രശസ്തമായ ആശുപത്രിയില്‍ ജോലി വാഗ്ദാനം ചെയ്ത് മലയാളിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടി; നൈജീരിയന്‍ സ്വദേശി പിടിയില്‍; മുന്നറിയിപ്പുമായി കേരള പോലീസ്

തിരുവനന്തപുരം: അമേരിക്കയിലെ പ്രശസ്തമായ ആശുപത്രിയില്‍ ജോലി വാഗ്ദാനം ചെയ്ത് മലയാളിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ നൈജീരിയന്‍ സ്വദേശി പോലീസ് പിടിയില്‍. സൈബര്‍ ക്രൈം പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതിയായ കൊലവോല ബോബോയെ പിടികൂടിയത്. അമേരിക്കയിലെ പ്രശസ്ത ആശുപത്രിയുടെ പേരില്‍ കൃത്രിമമായി ഇ-മെയില്‍ സൃഷ്ടിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. സംഭവത്തെത്തുടര്‍ന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പ്രതിയെ മുംബൈയില്‍ നിന്നാണ് പോലീസ് പിടികൂടിയത്. തിരുവനന്തപുരം സ്വദേശികളായ ദമ്പതിമാരാണ് തട്ടിപ്പിന് ഇരയായത്. പ്രമുഖ തൊഴില്‍ ലഭ്യതാ സൈറ്റായ ഷൈന്‍ വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരുന്ന ഇവര്‍ക്ക് തട്ടിപ്പ് സംഘം അമേരിക്കയിലെ പ്രശസ്തമായ ഫ്‌ലവേഴ്‌സ് ഹോസ്പിറ്റലില്‍ ജോലി ലഭിച്ചു എന്ന് പറഞ്ഞ് ഒരു ഇ-മെയില്‍ അയക്കുകയും ലക്ഷങ്ങള്‍ തട്ടിയെടുക്കുകയുമായിരുന്നു. ഇതിനായി ഫ്‌ലവേഴ്‌സ് ആശുപത്രിയുടെ ഇ മെയിലിനോട് സാമ്യമുളള മറ്റൊരു മെയില്‍ കൃത്രിമമായി നിര്‍മ്മിച്ചിരുന്നു.

ഉദ്യോഗര്‍ത്ഥിക്ക് വിശ്വാസം വരാനായി അമേരിക്കന്‍ എംബസിയില്‍ നിന്നാണെന്നും, ഫ്‌ലവേഴ്‌സ് ആശുപത്രിയില്‍ ജോലി ലഭിച്ചതായി എംബസിക്ക് അറിയിപ്പ് ലഭിച്ചു എന്നും ഉദ്യോഗാര്‍ത്ഥിയെ പറഞ്ഞ് വിശ്വസിപ്പിക്കും. അമേരിക്കന്‍ ഉച്ഛാരണശൈലിയിലാണ് ഫോണ്‍ വിളി. ശേഷം ഉദ്യോഗാര്‍ത്ഥിയോട് ആപ്ലിക്കേഷന്‍ ഫീസ് ആയി 10000 രൂപ അടക്കാന്‍ ആവശ്യപ്പെടും. പ്രമുഖ ആശുപത്രിയിലെ മോഹശമ്പളത്തില്‍ മയങ്ങി ഉദ്യോഗാര്‍ത്ഥി പണം അടക്കുന്നതോടെ ഇവരുടെ വലയിലാവും.പിന്നീട് വിസ ചാര്‍ജ്ജ് എന്ന പേരില്‍ രണ്ട് ലക്ഷവും, ആന്റി ടെററിസ്റ്റ് ഫണ്ട്, മെഡിക്കല്‍ ക്‌ളിയറന്‍സ് ഫണ്ട്, അമേരിക്കന്‍ ഇന്റിലന്‍സ് ക്‌ളിയറന്‍സ്, എന്നീ സര്‍വ്വീസുകള്‍ക്കായി വീണ്ടും വീണ്ടും ലക്ഷങ്ങള്‍ ആവശ്യപ്പെടും.

ഇത്തരത്തിലാണ് തിരുവനന്തപുരം സ്വദേശികള്‍ തട്ടിപ്പിന് ഇരയായത്. ഇപ്രകാരം നൈജീരിയന്‍ സ്വദേശിയായ കൊലവോലെ ബോബേ നിരവധിപേരെ വഞ്ചിച്ചതായിട്ടാണ് വിവരം. പ്രതിയില്‍ നിന്ന് നിരവധി സിംകാര്‍ഡുകള്‍, എടിഎം കാര്‍ഡുകള്‍,നാല് ലാപ്‌ടോപുകള്‍ ബാങ്ക് പാസ്ബുക്കുകള്‍ എന്നീവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെ വഞ്ചീയൂര്‍ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.വിദേശത്ത് ജോലി വാഗ്ദാനം ലഭിച്ചാല്‍ അത് സൈബര്‍ ക്രൈം പോലീസുമായി ബന്ധപ്പെട്ടോ, നോര്‍ക്കാ റൂട്ട്‌സ് വഴിയോ ബന്ധപ്പെട്ട ശേഷം മാത്രമേ പണം കൈമാറാവു എന്നും കേരള പോലീസ് മുന്നറിയിപ്പ് നല്‍കി.

Exit mobile version