നിരവധി തൊഴിലവസരങ്ങളുമായി പോളണ്ട് വിളിച്ചു; സംസ്ഥാനത്തെ പട്ടികജാതി-പട്ടിക വർഗ വിഭാഗങ്ങൾക്ക് അവസരമൊരുക്കി സംസ്ഥാന സർക്കാർ; അഭിനന്ദനം

തിരുവനന്തപുരം: പാർശ്വവത്കരിക്കപ്പെട്ട് കിടക്കുന്ന വിഭാഗങ്ങൾക്ക് വീണ്ടും തണലായി സംസ്ഥാന സർക്കാർ. പട്ടികജാതി-പട്ടിക വർഗ വിഭാഗങ്ങൾക്ക് വിദഏശ രാജ്യമായ പോളണ്ടിൽ വിവിധ തൊഴിലവസരങ്ങൾ ഒരുക്കിയാണ് സംസ്ഥാനം രാജ്യത്തിന് തന്നെ മാതൃകയായിരിക്കുന്നത്. പോളണ്ടിൽ നിന്നുള്ള ഉദ്യോഗസ്ഥരടക്കമുള്ള പ്രതിനിധിസംഘവുമായി പിന്നോക്ക ക്ഷേമ വികസന മന്ത്രി എകെ ബാലനും വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി അലി അസ്ഗർ പാഷയും ഉൾപ്പെട്ട സംഘം നടത്തിയ ചർച്ചയിലാണ് കേരളത്തിലെ പിന്നോക്ക വിഭാഗത്തിൽപ്പെട്ട യുവാക്കൾക്ക് വിദേശത്ത് പുതിയതൊഴിലവസരങ്ങൾ നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തത്. ഇതിന്റെ ഭാഗമായി യുവാക്കൾക്ക് ആവശ്യമായ തൊഴിൽ പരിശീലനം നൽകാനും ശേഷം വിദേശത്ത് ജോലി ഉറപ്പുനൽകാനും സർക്കാർ തലത്തിൽ തീരുമാനമായി.

ഓട്ടോമൊബൈൽ, നിർമ്മാണം, ഘന വ്യവസായം, ലിഫ്റ്റ് ഓപ്പറേഷൻ, പാക്കേജിങ്, ആരോഗ്യ മേഖല, മാംസ സംസ്‌കരണം, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളിലാണ് കൂടുതൽ പേരെ ആവശ്യമുള്ളത്. ഏതൊക്കെ മേഖലകളിൽ എത്ര വീതം തൊഴിലവസരം എന്ന വിവരം ഉടൻ തന്നെ കേരള സർക്കാരിനെ അറിയിക്കുന്ന മുറയ്ക്ക് പരിശീലനം നൽകി യുവാക്കളെ തൊഴിലിനായി അയക്കാനാണ് തീരുമാനം.

ആവശ്യമെങ്കിൽ പോളണ്ടിൽ നിന്നെത്തുന്ന സംഘവും തൊഴിൽ പരിശീലനം നൽകും. ഇപ്പോൾ തന്നെ വിവിധ തൊഴിൽ മേഖലകളിൽ പട്ടികജാതി-പട്ടികവർഗ വിഭാഗം ചെറുപ്പക്കാർക്ക് പരിശീലനം നൽകുന്ന സംവിധാനം കേരളത്തിലുണ്ട്. പട്ടികജാതി-പട്ടികവർഗ വകുപ്പ് നൽകിയ പ്രത്യേക തൊഴിൽ പരിശീലനം വഴി ഇതിനകം 383 പേർക്ക് വിദേശത്തും അയ്യായിരത്തിലധികം പേർക്ക് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും തൊഴിൽ നൽകാനും കഴിഞ്ഞിട്ടുണ്ട്.

ഇന്ത്യയിലെ പോളിഷ് എംബസ്സിയിലെ സെക്കന്റ് സെക്രട്ടറി ക്ലൗഡിയുസ് കോർസെവ്‌സ്‌കി, കത്തോവിസ് ചേമ്പർ ഓഫ് കോമേഴ്സ് പ്രസിഡന്റും സ്ലോവേനിയ കോൺസലുമായ തോമസ് സാവിയോനി, പോളണ്ടിലെ ബിസിനസ് സെന്റർ ക്ലബ്ബിലെ വിദഗ്ധൻ മിഷേൽ വിസ്ലോവ്‌സ്‌കി, ലോക കേരളസഭ അംഗവും പോളണ്ടിലെ സംരംഭകനുമായ വിഎം മിഥുൻ മോഹൻ എന്നിവരാണ് മന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുത്തത്.

മന്ത്രി എകെ ബാലന്റെ ഫേസ്ബുക്ക് പോസ്റ്റ്:

പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് പോളണ്ടിൽ തൊഴിൽ നൽകും

പോളണ്ടിലെ വിവിധ തൊഴിൽ മേഖലകളിൽ കേരളത്തിൽ നിന്നുള്ള പട്ടികജാതി-പട്ടികവർഗ യുവജനങ്ങൾക്ക് തൊഴിലവസരമൊരുക്കാൻ ധാരണയായി. പോളണ്ടിൽ നിന്നുള്ള ഉദ്യോഗസ്ഥരടക്കമുള്ള പ്രതിനിധിസംഘവുമായി ഇതുസംബന്ധിച്ച് ഇന്ന് ചർച്ച നടത്തി.

ഇന്ത്യയിലെ പോളിഷ് എംബസ്സിയിലെ സെക്കന്റ് സെക്രട്ടറി ക്ലൗഡിയുസ് കോർസെവ്‌സ്‌കി, കത്തോവിസ് ചേമ്പർ ഓഫ് കോമേഴ്സ് പ്രസിഡന്റും സ്ലോവേനിയ കോൺസലുമായ തോമസ് സാവിയോനി, പോളണ്ടിലെ ബിസിനസ് സെന്റർ ക്ലബ്ബിലെ വിദഗ്ധൻ മിഷേൽ വിസ്ലോവ്‌സ്‌കി, ലോക കേരളസഭ അംഗവും പോളണ്ടിലെ സംരംഭകനുമായ വി. എം. മിഥുൻ മോഹൻ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.

പോളണ്ടിലെ നിരവധി തൊഴിൽ മേഖലകളിൽ തൊഴിലാളികളെ ആവശ്യമുണ്ടെന്ന് പോളണ്ട് സംഘം അറിയിച്ചു. ഓട്ടോമൊബൈൽ, നിർമാണം, ഘന വ്യവസായം, ലിഫ്റ്റ് ഓപ്പറേഷൻ, പാക്കേജിങ്, ആരോഗ്യ മേഖല, മാംസ സംസ്‌കരണം, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളിലാണ് കൂടുതൽ പേരെ ആവശ്യമുള്ളത്. ഏതൊക്കെ മേഖലകളിൽ എത്ര വീതം തൊഴിലവസരം എന്ന വിവരം ഉടൻ തന്നെ കേരള സർക്കാരിനെ അറിയിക്കും. ഇതിനുള്ള തൊഴിൽ പരിശീലനം, ഭാഷാ പരിശീലനം എന്നിവ നൽകുന്നതിനും ധാരണയായി.

ഇപ്പോൾ തന്നെ വിവിധ തൊഴിൽ മേഖലകളിൽ പട്ടികജാതി-പട്ടികവർഗ വിഭാഗം ചെറുപ്പക്കാർക്ക് പരിശീലനം നൽകുന്ന സംവിധാനം കേരളത്തിലുണ്ട്. ഇതിനു പുറമെ പ്രത്യേക പരിശീലനം ആവശ്യമുണ്ടെങ്കിൽ അത് ഇന്ത്യയിലെ തന്നെ ഏതെങ്കിലും ഏജൻസികളെ ഉപയോഗിച്ച് നിർവഹിക്കും. അത് സാധ്യമായില്ലെങ്കിൽ പോളണ്ടിൽ നിന്നുള്ള പരിശീലക സംഘം കേരളത്തിൽ വന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഒരു ഗ്രൂപ്പിന് പ്രത്യേക തൊഴിൽ പരിശീലനം നൽകും. ഇവർ കൂടുതൽ പേർക്ക് പിന്നീട് പരിശീലനം നൽകും. ഭാഷാ പരിശീലനം അടക്കമുള്ള കാര്യങ്ങൾ കൂടി ലക്ഷ്യമിട്ട് കേരളത്തിൽ പോളിഷ് സാംസ്‌കാരിക കേന്ദ്രം പ്രവർത്തനം തുടങ്ങാൻ തയ്യാറാണെന്നും പോളണ്ട് സംഘം അറിയിച്ചിട്ടുണ്ട്. പോളണ്ടിൽ നിന്നുള്ള റിപ്പോർട്ട് കിട്ടുന്ന മുറക്ക് ഉടൻ തന്നെ അതിന്മേലുള്ള നടപടികൾ സർക്കാർ സ്വീകരിക്കും.

പട്ടികജാതി-പട്ടികവർഗ വകുപ്പ് നൽകിയ പ്രത്യേക തൊഴിൽ പരിശീലനം വഴി ഇതിനകം 383 പേർക്ക് വിദേശത്തും അയ്യായിരത്തിലധികം പേർക്ക് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും തൊഴിൽ നൽകാൻ കഴിഞ്ഞിട്ടുണ്ട്. വിദേശത്ത് തൊഴിലിനായി പോകുന്നതിന് പട്ടികജാതി-പട്ടികവർഗ ചെറുപ്പക്കാർക്ക് പരിശീലവും തുടർന്ന് യാത്ര രേഖകൾ തയ്യാറാക്കി വിമാന ടിക്കറ്റ് അടക്കം നൽകുന്നത് പട്ടികജാതി-പട്ടികവർഗ വികസന വകുപ്പാണ്.
ചർച്ചയിൽ പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് ഗാർഗ്, സ്‌പെഷ്യൽ സെക്രട്ടറി അലി അസ്ഗർ പാഷ, പട്ടികജാതി വികസന ഡയറക്ടർ പി ഐ ശ്രീവിദ്യ, പട്ടികവർഗ വികസന ഡയറക്ടർ ഡോ. പുകഴേന്തി എന്നിവരും പങ്കെടുത്തു.

Exit mobile version