ടിപി സെന്നിക്ക ദോസ്ത്! അസ്സലാമു അലൈക്കും! അഭിഭാഷകർക്കുള്ള വിസ എപ്പ കിട്ടും? ഹരീഷിനെ ‘ഹാരിസ്’ ആക്കിയ സെൻകുമാറിനെ പരിഹസിച്ച് രശ്മിത രാമചന്ദ്രൻ

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്ന അഡ്വ. ഹരീഷ് വാസുദേവനെയൊക്കെ പാകിസ്താനിലേക്ക് അയക്കണമെന്ന് പ്രസംഗിച്ച മുൻഡിജിപി ടിപി സെൻകുമാറിനെതിരെ അഭിഭാഷക രശ്മിത രാമചന്ദ്രന്റെ പരിഹാസം. ഹരീഷ് വാസുദേവനെ ‘ഹാരിസ്’ വാസുദേവനാക്കിയ ടിപി സെൻകുമാർ വെറും പോലീസ് മാനല്ല, നിയാണ്ടർതാൽ മാനാണെന്നു രശ്മിത പരിഹസിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു രശ്മിത രാമചന്ദ്രന്റെ പ്രതികരണം.

‘ഹരീഷ് വാസുദേവനെ ‘ഹാരിസ് ‘ വാസുദേവനാക്കിയ നിങ്ങ വെറും പോലീസ് മാനല്ല, നിയാണ്ടർതൽ മാനാണ്! ടിപിസെന്നിക്ക ദോസ്ത്! അസ്സലാമു അലൈക്കും! വ അലൈക്കും അസ്സലാം! അഭിഭാഷകർക്കുള്ള വിസ എപ്പ കിട്ടും? കട്ട വെയ്റ്റിംഗ്’ രശ്മിത രാമചന്ദ്രൻ ഫേസ്ബുക്കിൽ പോസ്റ്റു ചെയ്തു.

അഡ്വ. ഹരീഷ് വാസുദേവനെ പാകിസ്താനിലേക്കയക്കണമെന്ന് ബിജെപി നേതാവു കൂടിയായ ടിപി സെൻകുമാർ കഴിഞ്ഞ ദിവസം പാലക്കാട് പറഞ്ഞിരുന്നു. പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്ന അഭിഭാഷകരെ പാകിസ്താനിലേക്ക് വിടണം. ഹരീഷ് വാസുദേവനൊക്കെ അങ്ങനെ വിടേണ്ടവരാണ് എന്നായിരുന്നു ടിപി സെൻകുമാർ പാലക്കാട് പ്രസംഗിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു. മതന്യൂനപക്ഷങ്ങളുടെ വോട്ട് എൽഡിഎഫിനോ യുഡിഎഫിനോ എന്ന മത്സരമാണ് നടക്കുന്നതെന്നും സെൻകുമാർ വിദ്വേഷ പ്രസംഗത്തിനിടെ കൂട്ടിചേർത്തിരുന്നു.

ചാനൽ ചർച്ചകളിലും സമൂഹമാധ്യമങ്ങളിലുമെല്ലാം ഹരീഷ് വാസുദേവൻ പൗരത്വ ഭേദഗതിക്ക് എതിരെ രംഗത്തെത്തിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് ബിജെപി പക്ഷം പിടിച്ച ഗവർണറെ പോലും ഹരീഷ് ചർച്ചയ്ക്ക് വെല്ലുവിളിച്ചിരുന്നു. ഈ അവസരത്തിലാണ് സെൻകുമാറിന്റെ പ്രകോപന പ്രസംഗവുമായി രംഗത്തെത്തിയത്. ഇതിന് മറുപടിയ മറിപടിയായി ഫേസ്ബുക്ക് പോസ്റ്റിലൂടെ ഹരീഷ് വാസുദേവനും രംഗത്തെത്തിയിരുന്നു. പാകിസ്താനിലേക്ക് പോകാനുള്ള വിസ കിട്ടി ബോധിച്ചു. ടിക്കറ്റ് കൂടി ഉടനേ കിട്ടുമായിരിക്കും അല്ലേ സാറേ? എൻഡിഎ സർക്കാർ എനിക്ക് തന്ന പദ്മ അവാർഡായി ഞാനിത് സ്വീകരിക്കുന്നുവെന്നാണ് ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചത്.

Exit mobile version