‘ഓർമ്മയില്ലേ ഗുജറാത്ത്’ മുദ്രാവാക്യം പാർട്ടി നയമല്ല; വലിയ റാലിയിൽ ചിലരെ നിയന്ത്രിക്കാനായില്ല; പരിശോധിക്കുമെന്ന് ബിജെപി

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതി വിശദീകരിക്കാനായി വിളിച്ച യോഗം നാട്ടുകാർ ബഹിഷ്‌കരിച്ചതിന് പിന്നാലെ കുറ്റ്യാടിയിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച ബിജെപി പ്രവർത്തകരെ തള്ളി നേതൃത്വം. മുദ്രാവാക്യത്തിലെ പരാമർശം പാർട്ടി നയമല്ലെന്ന് എംടി രമേശ്. വലിയ റാലിയിൽ ചിലർ വിളിച്ച മുദ്രാവാക്യം നിയന്ത്രിക്കാനായില്ല. ആരാണ് വിളിച്ചതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. വിവാദത്തിലായ മാർച്ചിന്റെ ഉദ്ഘാടകനായിരുന്നു എംടി രമേശ്.

ബിജെപി പാർട്ടി അണികൾക്ക് മാർച്ചിൽ വിളിക്കാനായി മുദ്രാവാക്യം തയ്യാറാക്കി നൽകിയിരുന്നു. ഭൂരിഭാഗം പ്രവർത്തകരും ആ മുദ്രാവാക്യങ്ങളാണ് വിളിച്ചത്. എന്നാൽ ഇതിനിടയിൽ ചിലർ പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയായിരുന്നെന്നും അത് പാർട്ടിയുടെ അറിവോടെയല്ല എന്നുമാണ് ബിജെപി വിശദീകരിക്കുന്നത്. ആരാണ് മുദ്രാവാക്യം വിളിച്ചതെന്ന് നേതൃത്വത്തിന് അറിയില്ലെന്നും ഇക്കാര്യം പരിശോധിക്കുമെന്നും എംടി രമേശ് വിശദീകരിച്ചു.

പൗരത്വനിയമഭേദഗതിയെ അനുകൂലിച്ച് ബിജെപി കോഴിക്കോട് കുറ്റ്യാടിയിൽ നടത്തിയ പ്രകടനത്തിൽ വർഗ്ഗീയ പരാമർശങ്ങളടങ്ങിയ അസഭ്യം നിറഞ്ഞ മുദ്രാവാക്യങ്ങൾ ബിജെപി പ്രവർത്തകർ മുഴക്കിയിരുന്നു. ഇതിന് പിന്നാലെ പോലീസ് കേസെടുത്തിരുന്നു. പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് ബിജെപിയുടെ വിശദീകരണ പരിപാടിയായ ദേശരക്ഷാ മാർച്ച് തുടങ്ങും മുമ്പ് കുറ്റ്യാടി ടൗണിലെ വ്യാപാരികൾ കടകൾ അടച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു വിദ്വേഷ മുദ്രാവാക്യങ്ങളുയർത്തി ബിജെപി പ്രവർത്തകരുടെ പ്രകടനം.

‘ഉമ്മപ്പാൽ കുടിച്ചെങ്കിൽ ഇറങ്ങിവാടാ പട്ടികളേ, ഓർമയില്ലേ ഗുജറാത്ത്’ എന്നു തുടങ്ങി അങ്ങേയറ്റം വിദ്വേഷം നിറച്ച മുദ്രാവാക്യങ്ങളാണ് ജാഥയിലുടനീളം പ്രവർത്തകർ ഉയർത്തിയത്. ബിജെപി കുറ്റ്യാടി മണ്ഡലം കമ്മറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. ബിജെപി ജനറൽ സെക്രട്ടറി എംടി രമേശാണ് റാലി ഉദ്ഘാടനം ചെയ്തത്. അങ്ങേയറ്റം പ്രകോപന പരമായ പ്രകടനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുമുണ്ട്.

Exit mobile version