പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയില്‍ കഴിയുന്ന യുവതിക്ക് കുത്തിവയ്‌പ്പെടുത്തത് തൂപ്പുകാരി; പരാതിപ്പെട്ടപ്പോള്‍ തങ്ങളുടെ കൂടെ നിന്ന് പഠിച്ചിട്ടുണ്ടെന്ന് നഴ്‌സിന്റെ വിശദീകരണം

ഇടുക്കി: പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിക്ക് കുത്തിവയ്‌പ്പെടുത്തത് ആശുപത്രിയിലെ തൂപ്പുകാരിയെന്ന് പരാതി. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലാണ് സംഭവം. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ കെ അനൂപ് ജീവനക്കാരില്‍ നിന്നും അടിയന്തരമായി വിശദീകരണം തേടി.

ചേറ്റുകുഴി ചങ്ങന്‍ശേരില്‍ ബെന്നി സെബാസ്റ്റ്യന്റെ ഭാര്യയാണ് പരാതി നല്‍കിയത്. ഈ മാസം ആറു മുതല്‍ ബെന്നിയുടെ ഭാര്യ പ്രസവ ശസ്ത്രക്രിയയ്ക്കു ശേഷം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. എട്ടിനു രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിന്റെ നിര്‍ദേശപ്രകാരം തൂപ്പുകാരി കുത്തിവയ്പ് എടുത്തെന്നാണ് പരാതി.

ഇതുസംബന്ധിച്ച് ബെന്നിയാണ് നെടുങ്കണ്ടം താലൂക്ക് ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയത്.
വിവരം നഴ്‌സിനെ അറിയിച്ചപ്പോള്‍ തങ്ങളുടെ കൂടെ നടന്ന് പഠിച്ചിട്ടുണ്ടെന്നും, നിങ്ങള്‍ക്കു താല്‍പര്യമില്ലെന്ന കാര്യം മറ്റു നഴ്‌സുമാരെ അറിയിക്കാമെന്നും പറഞ്ഞെന്നും ബെന്നി പരാതിയില്‍ ആരോപിക്കുന്നു. ആശുപത്രിയില്‍ ഇതിനു മുന്‍പും സമാനമായ രീതിയില്‍ തൂപ്പുകാരി കുത്തിവയ്പ് നല്‍കിയതായും ആരോപണമുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് സൂപ്രണ്ട് ഇന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കൈമാറും.

Exit mobile version