‘ആരോടോ പക തീര്‍ക്കുന്നതു പോലെയാണ് നിങ്ങള്‍ രാജ്യം ഭരിക്കുന്നത്’; അരിയുടെ പൈസ തിരിച്ചു ചോദിച്ച കേന്ദ്ര നടപടിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ഭാഗ്യലക്ഷ്മി

ആപത്ത് കാലത്ത് പരസ്പരം സഹായിക്കേണ്ടത് മനുഷ്യരുടെ കടമയാണ്

തൃശ്ശൂര്‍: പ്രളയദുരിതാശ്വാസത്തിന് കേരളത്തിന് അനുവദിച്ച അരിയുടെ പണം കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അവര്‍ പ്രതികരിച്ചത്. ആപത്ത് കാലത്ത് പരസ്പരം സഹായിക്കേണ്ടത് മനുഷ്യരുടെ കടമയാണ്. എന്നാല്‍ കേന്ദ്രം രാജ്യത്തെ തന്നെ മറ്റൊരു സംസ്ഥാനമായ കേരളത്തോട് പറയുന്നത് പ്രളയ സമയത്ത് സഹായിച്ചതിന്റെ പണമെല്ലാം തിരികെ കൊടുക്കണമെന്നാണ്. ഹെലികോപ്റ്ററിന്റെ പൈസ, അരിയുടെ പൈസ എല്ലാം കണക്ക് പറഞ്ഞു വാങ്ങുന്നത് ഓരോ ദിവസവും നിങ്ങളുടെ മാനുഷികതയില്ലായ്മ തുറന്നു കാണിച്ച് ചെറുതായി ചെറുതായി ഭൂമിയുടെ അടിയിലായിക്കഴിഞ്ഞു എന്നതിന്റെ തെളിവാണെന്നുമാണ് ഭാഗ്യലക്ഷ്മി ഫേസ്ബുക്ക് കുറിപ്പില്‍ കുറിച്ചത്.

‘ആരോടോ പക തീര്‍ക്കുന്നതു പോലെയാണ് നിങ്ങള്‍ ഇപ്പോള്‍ രാജ്യം ഭരിക്കുന്നത്. നോട്ട് നിരോധനത്തില്‍ പാവപ്പെട്ടവന്‍ ക്യൂ നില്‍ക്കുന്നത് കണ്ട് നിങ്ങള്‍ ആനന്ദിച്ചു, കര്‍ഷകര്‍ ആത്മഹത്യ ചെയ്തപ്പോള്‍ നിങ്ങള്‍ മൂവായിരം കോടിയുടെ പ്രതിമ അനാഛാദനം ചെയ്ത് ആനന്ദ നൃത്തമാടി. ദരിദ്രര്‍ വിശന്ന് കരയുമ്പോഴെല്ലാം നിങ്ങള്‍ കോടികള്‍ കടം വാങ്ങിയവരെ നാട് വിടാന്‍ സഹായിച്ച് അവരോടൊപ്പം ചേര്‍ന്ന് ഇന്ത്യയിലെ സാധാരണക്കാരനെ നോക്കി പരിഹസിച്ച് ചിരിച്ചു. ഇപ്പോഴിതാ പൗരത്വ ഭേതഗതി ബില്ലിനെതിരെ രാജ്യമെമ്പാടും കത്തിയെരിയുമ്പോള്‍ നിങ്ങളുടെ മുഖംമൂടി ഗുണ്ടാസംഘം ആക്രമിക്കുമ്പോള്‍ നിങ്ങള്‍ ഞാനൊന്നുമറിഞ്ഞില്ലേ രാമ നാരായണാ എന്ന മട്ടില്‍ ഉണ്ണുന്നു ഉറങ്ങുന്നു’ എന്നും ഭാഗ്യലക്ഷ്മി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു. നിങ്ങളുടെ നാശത്തിലേക്കുളള വഴി നിങ്ങള്‍ തന്നെ പണിയുന്നുണ്ടെന്നാണ് പറഞ്ഞാണ് അവര്‍ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചത്.

ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

ഞങ്ങളുടെ നാട്ടിലൊക്കെ ഒരു വീട്ടില്‍ മരണം നടന്നാല്‍ ആ വീട്ടിലേക്കുളള ചായ കാപ്പി മുതല്‍ ആഹാരംവരെ തൊട്ടടുത്ത വീടുകളില്‍ നിന്നാവും.അതൊരു മാനുഷിക പരിഗണനയാണ്.
പ്രളയ സമയത്തും അതേപോലെ ആയിരുന്നു കേരളവും തമിഴ് നാടും പണമായും ഭക്ഷണമായും എന്തിന് ജാതി മത ഭേദമില്ലാതെ സ്വന്തം വീട്ടില്‍ താമസിക്കാന്‍ പോലും പരസ്പരം സഹായിച്ചു. നിനക്കൊരു ആപത്ത് വന്നാല്‍ ഞാനുണ്ട് എന്ന കരുതലായിരുന്നു.ഞങ്ങള്‍ പരസ്പരം കൈമാറിയത്.അപ്പുറത്തെ മരത്തിന്റെ കൊമ്പ് ഇപ്പുറത്ത് ഇല കൊഴിക്കുന്നു, അടിച്ചു വാരി മടുത്തു,നിങ്ങളുടെ പട്ടിയുടെ കുരകാരണം ഞങ്ങള്‍ക്ക് ശല്യമാണ് എന്നൊക്കെ ചെറിയ കാര്യങ്ങള്‍ പറഞ്ഞ് ഞങ്ങള്‍ വഴക്ക് കൂടിയാലും മുല്ലപ്പെരിയാര്‍ ന്റെ പേരില്‍ തമിഴ്‌നാടിന് കേരളത്തോട് ഒരല്പം ശത്രുത ഉണ്ടായാലും പ്രളയത്തില്‍ ഞങ്ങള്‍ അതെല്ലാം മറന്നു.പരസ്പരം ചേര്‍ത്തു പിടിച്ച് ലോകത്തിനു മാതൃകയായി.

ഇതിനൊന്നും കേരളവും തമിഴ് നാടും പരസ്പരം കണക്ക് പറഞ്ഞില്ല.കൊട്ടിഘോഷിച്ചില്ല. കാരണം ആപത്ത് കാലത്ത് പരസ്പരം സഹായിക്കേണ്ടത് മനുഷ്യരുടെ കടമയാണ്.ഇനിയും ഞങ്ങള്‍ അങ്ങനെതന്നെയാണ്. മാറ്റാനാവില്ല ഞങ്ങളെ.അപ്പോഴാണ് കേന്ദ്രം രാജ്യത്തെ തന്നെ മറ്റൊരു സംസ്ഥാനമായ കേരളത്തോട് പറയുന്നത് പ്രളയ സമയത്ത് സഹായിച്ചതിന്റെ പണമെല്ലാം തിരികെ കൊടുക്കണമെന്ന്.ഹെലികോപ്റ്റര്‍ ന്റെ പൈസ,അരിയുടെ പൈസ,എല്ലാം കണക്ക് പറഞ്ഞു വാങ്ങുന്നത്.ഓരോ ദിവസവും നിങ്ങളുടെ മാനുഷികതയില്ലായ്മ തുറന്നു കാണിച്ച് ചെറുതായി ചെറുതായി ഭൂമിയുടെ അടിയിലായിക്കഴിഞ്ഞു..ആരോടോ പക തീര്‍ക്കുന്നതു പോലെയാണ് നിങ്ങള്‍ രാജ്യം ഭരിക്കുന്നത്..നോട്ട് നിരോധനത്തില്‍ പാവപ്പെട്ടവന്‍ ക്യൂ നില്‍ക്കുന്നത് കണ്ട് നിങ്ങള്‍ ആനന്ദിച്ചു,സാധനങ്ങള്‍ വില കൂടിയപ്പോള്‍, പാവപ്പെട്ടവന്‍ കരഞ്ഞപ്പോള്‍ നിങ്ങള്‍ സന്തോഷിച്ചു.കര്‍ഷകര്‍ ആത്മഹത്യ ചെയ്തപ്പോള്‍ നിങ്ങള്‍ മൂവായിരം കോടിയുടെ പ്രതിമ അനാഛാദനം ചെയ്ത് നിങ്ങള്‍ ആനന്ദ നൃത്തമാടി.ദരിദ്രര്‍ വിശന്ന് കരയുമ്പോഴെല്ലാം നിങ്ങള്‍ കോടികള്‍ കടം വാങ്ങിയവരെ നാട് വിടാന്‍ സഹായിച്ച് അവരോടൊപ്പം ചേര്‍ന്ന് ഇന്ത്യയിലെ സാധാരണക്കാരനെ നോക്കി പരിഹസിച്ച് ചിരിച്ചു..ഇപ്പോഴിതാ പൗരത്വ ഭേതഗതി ബില്ലിനെതിരെ രാജ്യമെമ്പാടും കത്തിയെരിയുമ്പോള്‍ നിങ്ങളുടെ മുഖംമൂടി ഗുണ്ടാസംഘം ആക്രമിക്കുമ്പോള്‍ നിങ്ങള്‍ ഞാനൊന്നുമറിഞ്ഞില്ലേ രാമ നാരായണാ എന്ന മട്ടില്‍ ഉണ്ണുന്നു ഉറങ്ങുന്നു രാജ്യങ്ങള്‍ തോറും കറങ്ങി നടക്കുന്നു.ഇതെന്ത് ഭരണമാണ് സാര്‍.

അടിയന്തരാവസ്ഥയേക്കാള്‍ ഭയാനകമായ അവസ്ഥ.ഇതിലെന്ത് ആനന്ദമാണ് താങ്കള്‍ക്ക് കിട്ടുന്നത്?
പട്ടിയും ചട്ടിയും കുട്ടിയും കുടുംബവും ഇല്ലാത്തതിന്റെ കുഴപ്പമാണോ?ഇന്ത്യ ഹിന്ദു രാജ്യം ആക്കാന്‍ വേണ്ടിയാണെന്നാണ് നിങ്ങളുടെ അനുയായായികള്‍ പറയുന്നത്. ഏയ് അല്ല ഇത് വേറെന്തിനോ ആണ്.ഈ പോക്ക് കണ്ടിട്ട് ഹിന്ദു രാജ്യം ആക്കാന്‍ പറ്റില്ല എന്ന് മനസിലായില്ലേ. നിങ്ങളുടെ നാശത്തിലേളള വഴി നിങ്ങള്‍ തന്നെ പണിയുന്നുണ്ട്. അങ്ങനെയാണ് ചരിത്രം.അതാണ് ഞങ്ങള്‍ക്ക് ആകെയുള്ള സമാധാനം.

Exit mobile version