ഇന്ത്യയിലെ മാതാപിതാക്കൾക്ക് ജനിച്ച ഒരാളുടേയും പൗരത്വം നഷ്ടപ്പെടില്ലെന്ന് വിശ്വഹിന്ദു പരിഷത്തിന്റെ വേദിയിൽ നിന്നും സെൻകുമാർ

കോഴിക്കോട്: രാജ്യത്തെ ഒരാൾക്കും സിഎഎ കാരണം പൗരത്വം നഷ്ടപ്പെടില്ലെന്ന് ആവർത്തിച്ച് മുൻഡിജിപി ടിപി സെൻകുമാർ. ഇന്ത്യയിലെ മാതാപിതാക്കൾക്ക് ജനിച്ച ഒരാളുടെയും പൗരത്വം നഷ്ടപ്പെടില്ലെന്ന് ‘സിഎഎ പൗരത്വം നൽകാനാണ് നിഷേധിക്കാനല്ല’ എന്ന സന്ദേശം പ്രചരിപ്പിക്കാൻ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച രാഷ്ട്രരക്ഷാ സംഗമത്തിൽ വെച്ചാണ് സെൻകുമാർ അവകാശപ്പെട്ടത്. ഇന്ത്യയുടെ ഐക്യത്തെയും വികസനത്തെയും തകർക്കാനാണ് സിപിഎമ്മും കോൺഗ്രസും ലീഗും ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

പൗരത്വനിയമത്തെ വോട്ടുബാങ്ക് ആക്കാനാണ് ഇവർ ശ്രമിക്കുന്നത്. പാകിസ്താനിലും ബംഗ്ലാദേശിലും കശ്മീരിലും ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെട്ടപ്പോൾ മൗനം പാലിച്ചവരാണ് പൗരത്വനിയമ ഭേദഗതിയുടെ പേരിൽ നാട്ടിൽ കലാപമുണ്ടാക്കാൻ ആഹ്വാനം ചെയ്യുന്നതെന്നും സെൻകുമാർ കുറ്റപ്പെടുത്തി.

അതേസമയം, വർഗീയശക്തികൾക്കെതിരേ നിലപാടെടുക്കാൻ മതേതരമെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയപ്പാർട്ടികൾക്ക് ആകുന്നില്ലെന്ന് പരിപാടിയിൽ പങ്കെടുത്ത വത്സൻ തില്ലങ്കേരി പറഞ്ഞു.

Exit mobile version