ഗവർണറുടെ താമസം രാജ്ഭവനിൽ, ജോലി ബിജെപി അധ്യക്ഷന്റേതും; പ്രമേയം ക്രിമിനൽ സ്വഭാവമുള്ളതെന്ന് പറഞ്ഞാൽ കേൾക്കാൻ സൗകര്യമില്ല: കെ മുരളീധരൻ

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിയെ സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ നയങ്ങളെ ന്യായീകരിക്കുന്ന കേരള ഗവർണർ മുഹമ്മദ് ആരിഫ് ഖാനെ വിമർശിച്ച് കെ മുരളീധരൻ എംപി. ഗവർണറുടെ താമസം രാജ്ഭവനിലാണെങ്കിലും ജോലി ബിജെപി സംസ്ഥാന പ്രസിഡന്റിന്റേതാണെന്ന് കെ മുരളീധരൻ വിമർശിച്ചു. നിയമസഭ ഒറ്റക്കെട്ടായി പാസാക്കിയ പ്രമേയം ക്രിമിനൽ സ്വഭാവമുള്ളതാണെന്ന് ഗവർണർ പറയുന്നത് തലകുലുക്കി കേട്ടിരിക്കാൻ സൗകര്യമില്ല. ഈ പോക്കാണെങ്കിൽ ഗവർണറുടെ ഇനിയുള്ള യാത്രകൾ അത്ര സുഗമമായിരിക്കില്ലെന്നും മുറിമൂക്കുമായി നാടുവിടേണ്ടി വന്ന തിരുവിതാംകൂർ ദിവാൻ സർ സിപിയുടെ ചരിത്രം അദ്ദേഹം പഠിക്കുന്നത് നന്നായിരിക്കുമെന്നും മുരളീധരൻ മുന്നറിയിപ്പ് നൽകി.

പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഉലമ സംയുക്തസമിതി സംഘടിപ്പിച്ച രാജ്ഭവൻ മാർച്ചും രാപ്പകൽ സമരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരൻ. കേന്ദ്രം പാസാക്കുന്ന നിയമം ഇവിടെ അനുസരിപ്പിക്കാൻ താൻ ബാധ്യസ്ഥനാണെന്ന് പറയാൻ ഗവർണർ ഹെഡ്മാസ്റ്ററാണോ. മറ്റ് സ്ഥലങ്ങളിലെ പോലെ വീരവാദം അടിക്കുന്നത് ഇവിടെ നടക്കില്ല. അഭ്യാസം കാണിക്കാമെന്ന് കരുതരുത്. ജനം പ്രതികരിക്കും. സംസ്ഥാനത്തിന്റെ വികാരങ്ങൾ മാനിക്കാൻ ഗവർണർ ബാധ്യസ്ഥനാണ്. പ്രമേയം പാസാക്കിയ എംഎൽഎമാർ സമയം പാഴാക്കിയെന്നാണ് ഗവർണറുടെ വാദം. ജനങ്ങളുടെ വികാരം അറിയിക്കേണ്ടിടത്ത് അറിയിക്കാനാണ് ജനപ്രതിനിധികളെ തെരഞ്ഞെടുത്തിരിക്കുന്നത്. നിയമസഭയിൽ ബില്ലവതരിപ്പിക്കാൻ മാത്രമേ ഗവർണറുടെ ഒപ്പിന്റെ ആവശ്യമുള്ളൂ. പ്രമേയം കൊണ്ടുവരാൻ ഈ മാന്യന്റെ ആവശ്യമില്ലെന്നും മുരളീധരൻ തുറന്നടിച്ചു.

ജനം തെരുവിലിറങ്ങിയത് കേന്ദ്രം ഭരിക്കുന്നവരുടെ കൈപൊള്ളിച്ചു. പലരുടെയും പരക്കംപാച്ചിൽ ഇതാണ് തെളിയിക്കുന്നത്. പാർലമെന്റ് പാസാക്കിയ നിയമത്തിനെതിരെ സമരം ചെയ്യാമോ എന്ന് ചോദിക്കുന്നവരോട് ഭരണഘടനാവിരുദ്ധമായി പാർലമെന്റിന് നിയമം പാസാക്കാമോ എന്നാണ് മറുചോദ്യമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version