സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനാവാതെ ബിജെപി പ്രതിസന്ധിയില്‍; പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്ര നേതാക്കള്‍ കേരളത്തിലേക്ക്

ന്യൂഡല്‍ഹി: ആരാവും അടുത്ത സംസ്ഥാന അധ്യക്ഷന്‍ എന്ന ചര്‍ച്ചയാണ് ബിജെപിക്കുള്ളില്‍ ഇപ്പോള്‍ നടക്കുന്നത്. സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിന് മുന്നോടിയായി കേരളത്തിലെ നേതാക്കളില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ചോദിച്ചറിയാന്‍ ബിജെപി കേന്ദ്ര നേതാക്കള്‍ കേരളത്തിലെത്തും.

ബിജെപി ദേശീയ വക്താവ് ജിവിഎല്‍ നരസിംഹറാവു, സംഘടന ജോയിന്റ് സെക്രട്ടറി ശിവപ്രകാശ് തുടങ്ങിയവരാണ് അടുത്തദിവസം കേരളത്തില്‍ വരുന്നത്. സംസ്ഥാന നേതാക്കളുമായി ഇവര്‍ ചൊവ്വാഴ്ച ചര്‍ച്ച നടത്തും. വിവിധ മോര്‍ച്ച നേതാക്കളുമായും ഇവര്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്തുന്നതിന് മുമ്പ് തന്നെ സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനാണ് ബിജെപിയുടെ ശ്രമം. എന്നാല്‍ അധ്യക്ഷനെ സംബന്ധിച്ച് ഐകകണ്‌ഠ്യേന ഒരു തീരുമാനമെടുക്കാന്‍ കഴിയാത്തത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നു. കെ സുരേന്ദ്രന്‍, എംടി രമേശ്, ശോഭ സുരേന്ദ്രന്‍ തുടങ്ങിയവരുടെ പേരുകളാണ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കുന്നത്.

Exit mobile version