കുഞ്ഞ് മുറിയിലെ വിശാല ലോകം! സമ്പന്നനല്ല, ഭക്ഷണം വിറ്റ് തന്നെയാണ് ഉപജീവനം; എന്നാൽ ജയകുമാറിന്റെ ഹോട്ടലിൽ വൃദ്ധർക്കും യാചകർക്കും ഭക്ഷണം സൗജന്യം

കൊട്ടാരക്കര: ജയകുമാറിന്റെ ഈ ഒറ്റമുറി ഹോട്ടൽ കുഞ്ഞുഹോട്ടലാണ് ആർക്കും തോന്നാറില്ല, കാരണം അത്രയേറെ വിശാലമാണ് ഈ ഹോട്ടലിന്റെ ആശയം. അത് മനസിലാക്കാൻ, ദേശീയപാതയരികിൽ പുലമൺ പാലത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഈ ഹോട്ടലിന്റെ മുന്നിലെ ബോർഡിലേക്ക് നോക്കാം, അവിടെ കുറിച്ചിരിക്കുന്നത് ‘ഇവിടെ വൃദ്ധർക്കും യാചകർക്കും ഭക്ഷണം സൗജന്യം’- എന്നാണ്. ജയകുമാർ സമ്പന്നനല്ല. ചെറിയൊരു മുറിയിലാണ് ഹോട്ടൽ പ്രവർത്തിച്ച് വരുന്നതും. പക്ഷേ, ഒട്ടേറെ നിരാലംബർ സൗജന്യമായി ഇവിടെനിന്ന് ആഹാരം കഴിക്കുന്നുണ്ട്, അതാണ് ഈ ഹോട്ടലിന്റെ അവസാനമില്ലാത്ത നന്മ.

സമീപത്ത് 3 വർഷമായി തട്ടുകട നടത്തുന്ന ബി ജയകുമാർ ഒരു മാസം മുൻപാണ് ഹോട്ടൽ സ്ഥാപിച്ചത്. ഭാര്യ ശ്രീദേവിയും അടുത്ത ബന്ധുവുമാണു ഹോട്ടലിലെ ജീവനക്കാർ. ഈ ഹോട്ടലിൽ 50 രൂപയ്ക്ക് ഊണ് നൽകും. 20 രൂപ കൂടി നൽകിയാൽ വറുത്ത മീൻ സഹിതം ഊണ് കഴിക്കാം. വൃദ്ധർക്കും യാചകർക്കും സൗജന്യമായി തന്നെ ഈ ഊണ് വിളമ്പും.

സമീപത്തെ തട്ടുകട വൈകുന്നേരങ്ങളിലും രാത്രിയിലും പ്രവർത്തിക്കുന്നുണ്ട്. ഇവിടെയും യാചകർക്കു സൗജന്യ ഭക്ഷണം നൽകി വരുന്നുണ്ട്. തനിക്ക് മുതിർന്നവരോടുള്ള ആദരവും സ്‌നേഹവുമാണ് ഈ സത്പ്രവർത്തിക്ക് പ്രേരിപ്പിച്ചതെന്ന് ജയകുമാർ പറയുന്നു. വലിയ ലാഭത്തേക്കാളും സന്തോഷം പകരുന്നതു സൗജന്യമായി ഭക്ഷണം നൽകുമ്പോഴാണെന്നു ജയകുമാറിന്റെ വാക്കുകൾ. നഷ്ടങ്ങളില്ലാതെ ജീവിച്ചു പോകണം. അതിന് കഴിയുന്നുണ്ട്. ഉച്ചയ്ക്ക് 12 മുതൽ 2.30 വരെയാണു ഹോട്ടൽ പ്രവർത്തിക്കുന്നത്. തട്ടുകട രാത്രി 11.30 വരെയും.

Exit mobile version