ഹാപ്പിയേ..! ഈ വർഷമെങ്കിലും പച്ചപിടിക്കാൻ കെഎസ്ആർടിസി; ഡിസംബറിലെ വരുമാനം മാത്രം 213 കോടി കടന്നു

തിരുവനന്തപുരം: കെഎസ്ആർടിസി ആകെ നഷ്ടത്തിലാണെങ്കിലും പുതുവത്സരത്തിൽ പുറത്തുവരുന്നത് പ്രതീക്ഷ നൽകുന്ന വാർത്തകളാണ്. ഹാപ്പി ന്യൂഇയർ എന്ന് ധൈര്യത്തോടെ പറയാൻ കെഎസ്ആർടിസിയെ പ്രാപ്തരാക്കിയാണ് ഡിസംബർ മാസം കടന്നുപോയത്. ഡിസംബറിൽ മാത്രം വരുമാനം 213 കോടി രൂപയിലെത്തി. അപൂർവമായാണ് കെഎസ്ആർടിസിയുടെ വരുമാനം 200 കോടി കടക്കാറുള്ളത്.

2018 ഡിസംബറിലാകട്ടെ 198 കോടിയായിരുന്നു വരുമാനം. കഴിഞ്ഞ മേയിൽ കെസ്ആർടിസി വരുമാനം 200.91 കോടി രൂപയിലെത്തിയിരുന്നു. എന്നാൽ, റൂട്ട് പരിഷ്‌കരണത്തിന്റെ പേരിൽ 30 ശതമാനത്തോളം സർവീസുകൾ നടത്താതിരിക്കുമ്പോഴാണ് ഇപ്പോൾ 213 കോടി രൂപയെന്ന നേട്ടത്തിലേക്കെത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 2019 വർഷത്തെ ഏറ്റവും ഉയർന്ന വരുമാനമാണ് ഡിസംബറിലേത്. ഇതോടെ 2019-ലെ ആകെ വരുമാനം 2,272 കോടി രൂപയിലുമെത്തി.
ശബരിമല സീസണാണ് ഡിസംബറിന്റെ വരുമാനത്തിനെ സ്വാധീനിക്കുന്ന ഘടകം. അതേസമയം, സ്പെയർ പാർട്‌സും ടയറും ഇല്ലാത്തതിനാൽ കെഎസ്ആർടിസിയുടെ ആയിരത്തിലേറെ ബസുകൾ കട്ടപ്പുറത്താണ്. ലോ ഫ്ളോറുകൾ ഉൾപ്പെടെ 6,300 ബസ്സുകളാണ് കെഎസ്ആർടിസിക്കുള്ളത്.

നഷ്ടത്തിന്റെയും റൂട്ട് പരിഷ്‌കരണത്തിന്റെയും പേരിൽ കെഎസ്ആർടിസിയുടെ രണ്ടായിരത്തോളം ബസുകൾ ഓടുന്നില്ല. കെഎസ്ആർടിസി തന്നെ നഷ്ടത്തിലോടുന്നതിനാൽ ജീവനക്കാർക്കുള്ള ശമ്പളവും കൃത്യമായി വിതരണം ചെയ്യാനായിട്ടില്ല. സമരത്തെത്തുടർന്ന് കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ ശമ്പളം കൃത്യമായി നൽകുമെന്നും പുതിയ ആയിരം ബസുകൾ വാങ്ങുമെന്നും ഗതാഗതമന്ത്രി ഉറപ്പുനൽകിയിരുന്നു.

Exit mobile version