അവരെന്തോ പരിശുദ്ധന്മാർ, ഒരു തെറ്റും ചെയ്യാത്തവർ ചായകുടിക്കാൻ പോയപ്പോൾ അറസ്റ്റ് എന്ന ധാരണ വേണ്ട; പന്തീരങ്കാവ് അറസ്റ്റിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: കോഴിക്കോട് പന്തീരങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ വീണ്ടും നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരെ അറസ്റ്റ് ചെയ്ത നടപടിയെ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അവരെന്തോ പരിശുദ്ധൻമാരാണ്, ഒരു തെറ്റും ചെയ്യാത്തവരാണ്, ചായകുടിക്കാൻ പോയപ്പോഴാണ് അറസ്റ്റ് ചെയ്തത് എന്ന തരത്തിൽ ധാരണ വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

യുഎപിഎ ചുമത്തിയത് മഹാ അപരാധമായി പോയി എന്ന് പറയണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്, പക്ഷേ അങ്ങനെ പറയാൻ തയ്യാറല്ല. യുഎപിഎക്ക് സർക്കാർ എതിരാണ്. പക്ഷേ യുഎപിഎ ചുമത്തിയ കേസുകൾ സർക്കാരിന്റെ കാലത്ത് ഉണ്ടായിട്ടുണ്ട്. യുഎപിഎ നിയമത്തിലെ ചില വ്യവസ്ഥകൾ അനുസരിച്ചാണ് കേസ് എൻഐഎ ഏറ്റെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകിയത് പോലുള്ള നടപടി എവിടെയും കേട്ടുകേൾവിയില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് നടക്കാൻ പാടില്ലാത്ത പലതും നടക്കുന്നതുകൊണ്ട് അങ്ങനെയൊരു കാര്യം നടക്കാൻ ഇപ്പോൾ സാധ്യതയുണ്ടോ എന്നറിയില്ല. നിയമസഭയ്ക്ക് നിയമസഭയുടേതായ അധികാരങ്ങളുണ്ട്. നിസ്സഹായമായി നിന്നുകൊടുക്കാൻ സാധിക്കില്ല. പ്രമേയത്തിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version