പള്ളി തർക്കത്തിന്റെ പേരിൽ മൃതദേഹങ്ങളെ അപമാനിക്കരുത്; കുടുംബ കല്ലറയുള്ള പള്ളിയിൽ തന്നെ അടക്കം ചെയ്യാം ഇടപെട്ട് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ യാക്കോബായ-ഓർത്തഡോക്‌സ് പള്ളി തർക്കങ്ങൾ പലതും ശവസംസ്‌കാരങ്ങളെ പോലും ബാധിച്ചു തുടങ്ങിയതോടെ ഇടപെടലുമായി സർക്കാർ. പള്ളി തർക്കത്തിന്റെ പേരിൽ മൃതദേഹങ്ങൾ കല്ലറയിൽ അടക്കം ചെയ്യുന്നതിന് തടസം സൃഷ്ടിക്കാതിരിക്കാൻ സർക്കാർ ഓർഡിനൻസ് കൊണ്ടുവരുന്നു. കുടുംബ കല്ലറ ഏത് പള്ളിയിലാണോ അവിടെ മൃതദേഹം അടക്കം ചെയ്യാമെന്നും ഇതിന് നിയമ പ്രാബല്യമുണ്ടാകുമെന്നും പുതിയ ഓർഡിനൻസിലൂടെ ഉറപ്പ് വരുത്തും.

പ്രത്യേക മന്ത്രിസഭാ യോഗത്തിൽ ഇതിന് വേണ്ട ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചു. കുടുംബ കല്ലറ ഏത് പള്ളിയിലാണോ അവിടെ മൃതദേഹം അടക്കം ചെയ്യാം. സഭാ തർക്കം ഇതിന് ബാധകമാകില്ല. തുടങ്ങിയ കാര്യങ്ങളാണ് ഓർഡിനൻസിൽ പറയുന്നത്.

സഭാ തർക്കത്തിൽ ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായി വന്ന സുപ്രീംകോടതി വിധി വന്നതിന് ശേഷം സംസ്ഥാനത്ത് മൃതദേഹം സംസ്‌കരിക്കുന്നത് സംബന്ധിച്ചുള്ള തർക്കം പല പള്ളികളിലുമുണ്ടായി. അടിയന്തര ഇടപെടൽ വേണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷനടക്കം നിർദേശിക്കുകയും ചെയ്തതോടെയാണ് സർക്കാർ പുതിയ നിയമനിർമ്മാണം നടത്താനൊരുങ്ങുന്നത്.

Exit mobile version