തിരക്കേറിയ ബസിൽ എഞ്ചിൻ ബോക്‌സിന് മുകളിൽ ഇരിക്കാൻ തമ്മിലടിച്ച് പരിക്കേറ്റ് സ്ത്രീകൾ; സമാധാനിപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട് കണ്ടക്ടർ; ഒടുവിൽ ഇടപെട്ട് പോലീസ്

മറയൂർ: തിരക്കേറിയ ബസിൽ ഇരിപ്പിടത്തിനായി തമ്മിൽ തല്ലി ഒടുവിൽ പോലീസ് ഇടപെട്ട് തീർപ്പ് കൽപ്പിക്കേണ്ട തരത്തിൽ ഗൗരവമായ തലത്തിലെത്തിച്ച് രണ്ട് സ്ത്രീകൾ. സീറ്റിനായുള്ള തർക്കത്തിനൊടുവിൽ രണ്ട് സ്ത്രീകൾക്കും പരിക്കുമേറ്റു. മൂന്നാറിൽനിന്ന് ഉദുമൽപ്പേട്ടയിലേക്ക് പോയ കെഎസ്ആർടിസി ബസിലായിരുന്നു സംഭവം. ബസ് മറയൂരിൽ എത്തിയപ്പോഴാണ് സംഭവം.

ബസിൽ നല്ല തിരക്കായിരുന്നു. മൂന്നാറിൽനിന്ന് ഉദുമൽപ്പേട്ടയിലേക്ക് ടിക്കറ്റ് എടുത്ത ദിണ്ഡിഗൽ സ്വദേശിയായ വീട്ടമ്മയ്ക്ക് മറയൂർവരെ സീറ്റ് കിട്ടിയില്ല. ഇവർ ഡ്രൈവറുടെ സമീപത്തുള്ള എഞ്ചിൻ ബോക്‌സിന് മുകളിൽ ഇരിക്കാൻ ശ്രമിച്ചു. മറയൂർ സ്വദേശിനിയായ വീട്ടമ്മയും ഇവിടെ ഇരിക്കാനെത്തി. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കവും അടിപിടിയുമായി. പരസ്പരം മുടിയിൽ കുത്തിപ്പിടിക്കുകയും കൈയിൽ കടിക്കുകയും ചെയ്തു. യാത്രക്കാർ ഇടപെട്ടിട്ടും രോഷം അടങ്ങിയില്ല.

ഇതിനിടെ ഇവരെ നിയന്ത്രിക്കാൻ യാത്രക്കാരും കണ്ടക്ടറും ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവിൽ പോലീസ് സ്‌റ്റേഷനിൽ അറിയിച്ചതിന് പിന്നാലെ മറയൂർ അഡീഷണൽ എസ്‌ഐ അനിൽ കെകെയും സംഘവുമെത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. രണ്ടുപേരെയും ബസിൽനിന്ന് ഇറക്കി വിടുകയായിരുന്നു. തുടർന്ന് സമാധാനത്തോടെ ബസ് സർവീസ് തുടർന്നു.

Exit mobile version