കേരളം പ്രഹ്ലാദൻറെ റോളിൽ രാജ്യത്തിന് മുന്നിൽ അവതരിച്ചു: ഭരണ-പ്രതിപക്ഷ കക്ഷികളുടെ സമരത്തെ വാഴ്ത്തി സ്പീക്കർ

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്ക് എതിരെ സംസ്ഥാനത്ത് ഭരണപക്ഷവും പ്രതിപക്ഷവും സ്വീകരിച്ച നിലപാടിനെ വാഴ്ത്തി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. നാടിന്റെ സംസ്‌കാരത്തിന്റെ അന്തസത്തക്ക് ഇടിവേൽക്കുമ്പോൾ കേരളം എങ്ങനെ പ്രതികരിക്കും എന്നതിനുള്ള ഉദാഹരണമാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭ പാസാക്കിയ പ്രമേയമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. കേരള നിയമസഭയുടെ അന്തസുയർത്തിയ പ്രമേയമാണ് നിയമസഭയിൽ പാസാക്കിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദശാവതാരത്തിലെ ഹിരണ്യകശിപുവിനെ അനുഭവമാണ് ഓർമ്മവന്നത്. ഹിരണ്യകശിപുവിന്റെ ആക്രോശങ്ങളും നാടും നഗരവും അടക്കി വാണുകൊണ്ടുള്ള ധിക്കാരങ്ങളുമായിരുന്നില്ല, മറിച്ച് പ്രഹ്ലാദന്റെ വിനയപൂർവ്വമായുള്ള നിശ്ചയദാർഢ്യമാണ് നരസിംഹത്തിന് കാരണമായത്. കേരളം പ്രഹ്ലാദന്റെ റോളിൽ ശക്തമായ നിലപാട് രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുകയാണെന്നും സ്പീക്കർ നിയമസഭയിൽ പറഞ്ഞു. സഭാ ടിവി വഴി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രമേയ അവതരണത്തിന്റെ വിശദാംശങ്ങൾ എത്തിക്കാൻ നടപടി എടുക്കുമെന്നും സ്പീക്കർ അറിയിച്ചു.

വൈവിധ്യമാർന്ന ഇന്ത്യൻ ജനാധിപത്യത്തിന്റെയും ഭരണഘടനയുടേയും ശക്തിയും ഓജസും ഉയർത്തിപ്പിടിക്കുന്ന മൂന്ന് പ്രമേയങ്ങളാണ് സഭ ഇന്ന് പാസാക്കിയതെന്നും ശ്രീരാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ഇതര ജനപ്രതിനിധി സഭകൾക്കും കേരളം മാതൃകയാണ്.

Exit mobile version