ഗവര്‍ണര്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു; പ്രതിഷേധത്തിനെതിരെ ആഞ്ഞടിച്ച് എംടി രമേശ്

കോഴിക്കോട്: ഗവര്‍ണര്‍ക്ക് സുരക്ഷയൊരുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. ഗവര്‍ണര്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അതീവ സുരക്ഷയാണ് ഗവര്‍ണര്‍ക്ക് നല്‍കേണ്ടത്. ഗവര്‍ണര്‍ കണ്ണൂരിലെത്തിയപ്പോള്‍ മുതല്‍ പ്രതിഷേധം ഉണ്ടായി. അദ്ദേഹത്തെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഗവര്‍ണര്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. രാഷ്ട്രപതി നിയമിച്ചതാണ് ഗവര്‍ണറെ.

അദ്ദേഹത്തിന് സുരക്ഷയൊരുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കുന്നില്ലെങ്കില്‍, സുരക്ഷയൊരുക്കാന്‍ കേന്ദ്രം ഇടപെടും. അത്തരമൊരു സാഹചര്യത്തിലേക്ക് പോകണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹമില്ല,’ എംടി രമേശ് പറഞ്ഞു.

‘കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിക്ക് കേരളത്തില്‍ നിര്‍ബാധം സഞ്ചരിക്കാനുള്ള സാഹചര്യം സര്‍ക്കാര്‍ ഒരുക്കുന്നില്ലെങ്കില്‍, സ്വാഭാവികമായിട്ടും കേന്ദ്രം അതിനെക്കുറിച്ച് ആലോചിക്കേണ്ടി വരും. കണ്ണൂരില്‍ ഗവര്‍ണറെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമം നടന്നു. കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചവരെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞത് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെവി സുമേഷും രാജ്യസഭാംഗം കെകെ രാഗേഷുമാണ്. ചുരുക്കത്തില്‍ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് സമരമാണ് കണ്ണൂരില്‍ നടന്നത്.’

‘സിപിഎമ്മിന്റെ രാഷ്ട്രീയ പകപോക്കലിന്റെ ഇരയായി ഗവര്‍ണറെ മാറ്റാനുള്ള ശ്രമം അങ്ങേയറ്റം അപലപനീയമാണ്. അത് അനുവദിക്കാനാവില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കണം. സുരക്ഷാ വീഴ്ചയില്‍ പോലീസുകാര്‍ക്കെതിരെ നടപടി വേണം. അറസ്റ്റ് തടഞ്ഞ ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ക്കെതിരെ നടപടിയുണ്ടാകണം.’

‘ഗവര്‍ണര്‍ക്കെതിരായ നീക്കം അവസാനിപ്പിക്കാന്‍ സിപിഎമ്മും ബന്ധപ്പെട്ട ആളുകള്‍ തയ്യാറാവണം. ജനാധിപത്യപരമായ രീതിയിലാണ് ഗവര്‍ണര്‍ പ്രതികരിക്കുന്നത്. സമരം ചെയ്യുന്ന ആളുകള്‍ക്ക് ഗവര്‍ണറെ കണ്ട് നിവേദനം നല്‍കാമല്ലോ. എന്നാലവര്‍ കേന്ദ്രത്തിനെതിരായ സമരത്തില്‍ ഗവര്‍ണറെ ആയുധമാക്കുകയാണ്.’

‘മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷി യോഗത്തിന് പ്രസക്തിയില്ല. പാര്‍ലമെന്റ് പാസാക്കിയ ബില്ല് രാഷ്ട്രപതി ഒപ്പിട്ടതോടെ നിയമമായി. അതിനെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ വേണമെങ്കില്‍ സിപിഎമ്മിന് സര്‍വ്വകക്ഷിയോഗം വിളിക്കാം. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് അങ്ങിനെയൊരു യോഗം വിളിക്കാനാവില്ല. സിപിഎം സെക്രട്ടറി സ്ഥാനത്ത് നിന്ന് മുഖ്യമന്ത്രി മനസ് കൊണ്ട് മാറിയിട്ടില്ലെന്ന് മനസിലാക്കുന്നു. യോഗത്തില്‍ പങ്കെടുക്കുന്ന കാര്യം പാര്‍ട്ടി യോഗം ചേര്‍ന്ന് തീരുമാനിക്കും. പങ്കെടുക്കുകയാണെങ്കില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധയില്‍പെടുത്തും.’

Exit mobile version