ദേശീയ ചരിത്ര കോണ്‍ഗ്രസ്; ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധവുമായി പ്രതിനിധികളും

കണ്ണൂര്‍: കണ്ണൂരില്‍ ദേശീയ ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധവുമായി പ്രതിനിധികള്‍. വേദിയില്‍ ഗവര്‍ണര്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംസാരിക്കുന്നതിന് ഇടയിലാണ് പ്രതിനിധികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം സമാധാനപരമാകണമെന്നും, ഇതില്‍ എപ്പോള്‍ വേണമെങ്കിലും സംവാദം നടത്താന്‍ താന്‍ തയ്യാറാണെന്നും ഗവര്‍ണര്‍ പറഞ്ഞു. എങ്കില്‍ സംവാദം ഇപ്പോള്‍ത്തന്നെ നടത്താമെന്ന് ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുത്ത ചരിത്രകാരന്‍മാരും വിദ്യാര്‍ത്ഥികളും എഴുന്നേറ്റ് നിന്ന് പറഞ്ഞു. തുടര്‍ന്ന് കൈയില്‍ ഉണ്ടായിരുന്ന കടലാസുകളില്‍ ‘പൗരത്വ നിയമഭേദഗതിയും എന്‍ആര്‍സിയും ഉപേക്ഷിക്കുക’ എന്നെഴുതിയ പ്ലക്കാര്‍ഡുകളായി ഇവര്‍ ഗവണര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കി. തികച്ചും നാടകീയ രംഗങ്ങളാണ് ഇന്ന് ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ അരങ്ങേറിയത്.

അതേസമയം ഗവണര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തെ
സിപിഎം നേതാക്കളും സംഘാടകരും ചേര്‍ന്ന് തടഞ്ഞു. പ്രതിഷേധം കൊണ്ട് നിശബ്ദനാകില്ലെന്നാണ് ഗവര്‍ണര്‍ പ്രതികരിച്ചത്.

Exit mobile version