മീൻ കൊടുത്തു, പണത്തിന് പകരം രണ്ട് ലോട്ടറി ടിക്കറ്റെടുത്തു; ചന്ദ്രബോസിനെ തേടിയെത്തിയത് 65 ലക്ഷത്തിന്റെ ക്രിസ്മസ് സമ്മാനം!

പുത്തൻപീടിക: പതിവായി ലോട്ടറി കടക്കാരനായ ജോസിന്റെ വീട്ടിൽ മീൻ കൊടുത്ത് ജോസിന്റെ കടയിൽ നിന്നും പണത്തിന് പകരം ടിക്കറ്റ് വാങ്ങിയപ്പോൾ ചന്ദ്രബോസ് അറിഞ്ഞില്ല, ഒന്നാം സമ്മാനവുമായി ഭാഗ്യദേവതയാണ് കൂടെവരുന്നതെന്ന്. ടിക്കറ്റ് വാങ്ങി മടങ്ങിയ ചന്ദ്രബോസ് ചൊവ്വാഴ്ച രാവിലെ ലോട്ടറിക്കടയിലെത്തി ഫലം നോക്കിപ്പോഴാണ് ഒന്നാം സമ്മാനമായ 65 ലക്ഷം താനെടുത്ത വിൻവിൻ ലോട്ടറിയുടെ ഒരു ടിക്കറ്റിനടിച്ചതായി അറിഞ്ഞത്. ചാഴൂർ ചേറ്റക്കുളം കാട്ടുങ്ങൽ ഗോവിന്ദന്റെ മകൻ ചന്ദ്രബോസിനെയാണ് ക്രിസ്മസ് സമ്മാനം നൽകി ഭാഗ്യദേവത കടാക്ഷിച്ചത്. കേരള ലോട്ടറിയുടെ കഴിഞ്ഞ തിങ്കളാഴ്ച നറുക്കെടുത്ത വിൻവിൻ ലോട്ടറിയുടെ ഡബ്ല്യു എഫ് 973102 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

10 വർഷത്തിലേറെയായി സൈക്കിളിൽ മീൻ വിൽക്കുന്ന തൊഴിലാണ് ചന്ദ്രബോസ് ചെയ്യുന്നത്. അംഗപരിമിതനായ ചന്ദ്രബോസ് അതൊന്നും വകവെക്കാതെയാണ് ജോലിക്ക് പോയിരുന്നത്. തറവാട്ടിൽ അമ്മ മാത്രമാണ് ഇദ്ദേഹത്തിന് കൂട്ട്. മീൻ നൽകിയതിന് പകരമായി പുത്തൻപീടിക സ്വദേശി ജോസിന്റെ കടയിൽ നിന്നാണ് ചന്ദ്രബോസ് ലോട്ടറി ടിക്കറ്റുകൾ വാങ്ങിയത്. ജോസിന്റെ വീട്ടിൽ കണമ്പ് മീൻ നൽകിയ ശേഷം സെന്ററിലെ കടയിൽ നിന്നു ടിക്കറ്റ് വാങ്ങുകയായിരുന്നു.

പിന്നീട് തിങ്കളാഴ്ച ഉച്ചതിരിഞ്ഞു ലോട്ടറി ഫലം വന്നപ്പോൾ താൻ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം കിട്ടിയതെന്ന് ജോസിന് മനസിലായെങ്കിലും ആർക്കാണ് ടിക്കറ്റ് നൽകിയതെന്ന് ഓർമ്മയുണ്ടായിരുന്നില്ല. പിന്നീട് ചൊവ്വാഴ്ച രാവിലെ മീൻ വിൽപനയ്ക്കിടയിൽ ലോട്ടറി ഫലം നോക്കാൻ ജോസിന്റെ കടയിലെത്തിയ ചന്ദ്രബോസ് ടിക്കറ്റുകൾ നൽകിയപ്പോഴാണ് ഒന്നാം സമ്മാനം കിട്ടിയ വിവരം അറിയുന്നത്. ടിക്കറ്റ് കടയിൽ തന്നെ സൂക്ഷിക്കാൻ എൽപ്പിച്ച ശേഷം ചന്ദ്രബോസ് ബാക്കിയുള്ള മീൻ വിൽക്കാൻ പോയി. ലോട്ടറിയടിച്ച വിവരം ആരോടും പറഞ്ഞില്ല. മീൻ വിൽപ്പനയ്ക്ക് ശേഷം വിൽപനയ്ക്ക് ശേഷം മടങ്ങി വന്നു പൊതുപ്രവർത്തകരേയും കൂട്ടി സൗത്ത് ഇന്ത്യൻ ബാങ്ക് പുത്തൻപീടിക ശാഖയിലേൽപ്പിക്കുകയായിരുന്നു. മുമ്പും ചെറിയ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും ഒന്നാം സമ്മാനം ചന്ദ്രബോസിനു ലഭിക്കുന്നത് ആദ്യമായാണ്.

Exit mobile version