ബിഎസ് യെദ്യൂരപ്പയ്‌ക്കെതിരെ കണ്ണൂരില്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധം

കണ്ണൂര്‍: കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്‌ക്കെതിരെ കണ്ണൂരില്‍ പ്രതിഷേധം. എസ്എഫ്‌ഐ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചാണ് പ്രതിഷേധിച്ചത്. കാറില്‍ യദ്യൂരപ്പയുടെ സീറ്റിന് തൊട്ടടുത്തെത്തിയാണ് കരിങ്കൊടി വീശിയത്.

ഇന്ന് ഉച്ചയോടെ കണ്ണൂര്‍ പഴയങ്ങാടിയിലാണ് സംഭവം. യദ്യൂരപ്പയുടെ വരവറിഞ്ഞ എസ്എഫ്‌ഐ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടൗണില്‍ തമ്പടിച്ചിരുന്നു. തുടര്‍ന്ന് യദ്യൂരപ്പയുടെ വാഹനം ടൗണില്‍ എത്തിയപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാടി റോഡിലിറങ്ങി കരങ്കൊടി കാണിച്ചു. പിന്നാലെ പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് മാറ്റാന്‍ ശ്രമിച്ചു.

മുപ്പതോളം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി ഓടികൂടിയതോടെ പ്രതിഷേധം കനത്തു. യദ്യൂരപ്പയുടെ വാഹനത്തിന്റെ സീറ്റിനടുത്ത് വരെ സമരക്കാര്‍ എത്തി കരിങ്കൊടി കാണിച്ചു. ഇതോടെ ഗതാഗതതടസവും ഉണ്ടായി. കുറച്ച് പാട്‌പ്പെട്ടാണ് പ്രതിഷേധക്കാരെ പോലീസ് മാറ്റിയത്.

രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യദ്യൂരപ്പക്ക് നേരെ പ്രതിഷേധവുമായി എത്തിയിരുന്നു.

കഴിഞ്ഞ ദിവസവും തിരുവനന്തപുരത്ത് വെച്ച് പ്രതിഷേധക്കാര്‍ യെദ്യൂരപ്പയെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ചിരുന്നു. കോണ്‍ഗ്രസ് – കെഎസ്‌യു പ്രവര്‍ത്തകര്‍ ആയിരുന്നു കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് – കെഎസ്യു പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Exit mobile version