നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണ്ണവേട്ട; ക്യാപ്‌സൂള്‍, പേസ്റ്റ് രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമം; 3പേര്‍ പിടിയില്‍

മലപ്പുറം, കോഴിക്കോട് സ്വദേശികളില്‍ നിന്നാണ് ഒന്നേകാല്‍ കോടി വിലവരുന്ന സ്വര്‍ണ്ണം പിടിച്ചെടുത്തത്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട. ക്യാപ്‌സൂള്‍, പേസ്റ്റ് എന്നീ രൂപത്തില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി. മലപ്പുറം, കോഴിക്കോട് സ്വദേശികളില്‍ നിന്നാണ് ഒന്നേകാല്‍ കോടി വിലവരുന്ന സ്വര്‍ണ്ണം പിടിച്ചെടുത്തത്.

മൂന്നേമുക്കാല്‍ കിലോ സ്വര്‍ണ്ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്. ക്യാപ്‌സൂള്‍, പേസ്റ്റ് എന്നീ രൂപത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം. ഷാര്‍ജയില്‍ നിന്നും ദുബായില്‍ നിന്നും എത്തിയ മലപ്പുറം, കോഴിക്കോട് സ്വദേശികളില്‍ നിന്നാണ് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടിയത്.

ഒന്നേകാല്‍ കിലോ സ്വര്‍ണ്ണം ക്യാപ്‌സൂള്‍ രൂപത്തിലാക്കിയും രണ്ടരക്കിലോ സ്വര്‍ണ്ണം പേസ്റ്റ് രൂപത്തിലാക്കിയും ശരീരത്തില്‍ ഒളിപ്പിച്ചും കാലില്‍ കെട്ടിവെച്ചുമാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്. സംശയം തോന്നിയതിനെതുടര്‍ന്ന് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ പിടിയിലായതായി അധികൃതര്‍ അറിയിച്ചു.

Exit mobile version