രമേശ് ചെന്നിത്തലയുടെയും കുടുംബത്തിന്റെയും വിവാദ ഫോട്ടോഷൂട്ട്; എഡിറ്റ് ചെയ്ത പോസ്റ്റ് ഉപയോഗിച്ച് ബിഗ് ന്യൂസിനെതിരെ വ്യാജവാര്‍ത്തയാക്കി ജയ്ഹിന്ദ് ഓണ്‍ലൈന്‍

പ്രതിപക്ഷ നേതാവും കുടുംബവും ഫോട്ടോഷൂട്ട് നടത്തി ആഘോഷിക്കുന്ന വാര്‍ത്ത ബിഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതിനെ വ്യാജ വാര്‍ത്തയായി ചിത്രീകരിച്ച് ജയ്ഹിന്ദ്ടിവി ഓണ്‍ലൈന്‍

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി പ്രക്ഷോഭം നടത്തുമ്പോള്‍ സ്വകാര്യ റിസോര്‍ട്ടില്‍ പ്രതിപക്ഷ നേതാവും കുടുംബവും ഫോട്ടോഷൂട്ട് നടത്തി ആഘോഷിക്കുന്ന വാര്‍ത്ത ബിഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതിനെ വ്യാജവാര്‍ത്തയായി ചിത്രീകരിച്ച് ജയ്ഹിന്ദ്ടിവി ഓണ്‍ലൈന്‍ ന്യൂസ്. കൃത്യമായി ഇതിലൂടെ പ്രതിപക്ഷ നേതാവിനെ രക്ഷിക്കാനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും ഓണ്‍ലൈന്‍ മുഖപത്രത്തിന്റെയും ശ്രമം എന്നത് വ്യക്തമാണ്.

രമേശ് ചെന്നിത്തലയുടെ മകന്‍ രോഹിതിന്റെ വിവാഹത്തിന്റെ ഫോട്ടോഷൂട്ട് നടത്തിയ ‘സ്‌നാപ്‌സ് ഫോട്ടോഗ്രഫി’ ശനിയാഴ്ചയാണ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ചിത്രങ്ങള്‍ പങ്കുവച്ചത്. കൃത്യമായി ഡിസംബര്‍ 13 ന് റാവീസ്‌കോവളത്ത് നടത്തിയ ഫോട്ടോഷൂട്ട് എന്ന് പറഞ്ഞാണ് ‘സ്‌നാപ്‌സ് ഫോട്ടോഗ്രഫി’ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നത്.
”Merry moments with #RameshChennithala family….
#familyTime #togetherness #warmth #postwedShoot
On 13th june 2019”
ഇങ്ങനെയായിരുന്നു അവരുടെ ആദ്യ ക്യാപ്ഷന്‍. എന്നാല്‍ പിന്നീട് ബിഗ് ന്യൂസ് വാര്‍ത്ത നല്‍കി വിവാദമായതോടെ,

”ഈ കഴിഞ്ഞ ഫെബ്രുവരി 17, 2019 നടന്ന രോഹിതിന്റെ കല്യാണത്തിനു ശേഷം നടന്ന outdoor shootinte ഭാഗമായി എടുത്ത ചിത്രങ്ങള്‍…” എന്ന് പറഞ്ഞ് ക്യാപ്ഷന്‍ എഡിറ്റ് ചെയ്യുകയായിരുന്നു. ഇക്കാര്യം കൃത്യമായി സ്‌നാപ്‌സ് ഫോട്ടോഗ്രഫിയുടെ എഡിറ്റ് ഹിസ്റ്ററിയില്‍ ആര്‍ക്കും കാണാവുന്നതാണ്.

ഈ എഡിറ്റഡ് ക്യാപ്ഷന്‍ ഉപയോഗിച്ചാണ് ജയ്ഹിന്ദ് ഞങ്ങള്‍ക്കെതിരെ വ്യാജ വാര്‍ത്ത നല്‍കിയിരിക്കുന്നത്. അതേസമയം, വളരെ സത്യസന്ധമായി ബിഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയെ വ്യാജവാര്‍ത്തയായി ചിത്രീകരിച്ച ജയ്ഹിന്ദിനെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കാനാണ് ബിഗ് ന്യൂസ് എഡിറ്റോറിയല്‍ ബോര്‍ഡിന്റെ തീരുമാനം.

‘രാജ്യം ഒന്നടങ്കം തെരുവിലിറങ്ങിയപ്പോള്‍ അത്യാഢംബര സ്വകാര്യ റിസോര്‍ട്ടില്‍ ഉല്ലസിച്ച് പ്രതിപക്ഷ നേതാവ് ചെന്നിത്തലയും കുടുംബവും; വിവാദത്തിന് തിരികൊളുത്തി ഫോട്ടോഷൂട്ട്’ എന്ന തലക്കെട്ടോടെ ‘ബിഗ് ന്യൂസ്’ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലാണ് അടിസ്ഥാനരഹിതമായ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ചിത്രങ്ങള്‍ എന്നാണ് പോസ്റ്റ് ചെയ്തിരിക്കുന്നതെന്നും ആരാണ് പോസ്റ്റ് ചെയ്തിരിക്കുന്നതെന്നുമുള്ള കാര്യങ്ങളില്‍ ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് വാര്‍ത്ത നല്‍കിയത്’.

എന്നാണ് ജയ്ഹിന്ദ് ഞങ്ങളുടെ വാര്‍ത്തയെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാക്കിയത്.
ഞങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് വളരെ സത്യസന്ധമായിട്ടാണ്, യാതൊരുവിധത്തിലുള്ള തെറ്റിദ്ധാരണയും ഉണ്ടാക്കിയിട്ടില്ല.

ഡിസംബര്‍ 12നാണ് പാര്‍ലമെന്റിനെ പ്രക്ഷുബ്ധമാക്കിയ പൗരത്വ ഭേദഗതി ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചതോടെ രാജ്യവ്യാപകമായി കനത്ത പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.
ഇതേ 13ാം തീയ്യതിയായിരുന്നു രമേശ് ചെന്നിത്തലയുടെയും കുടുംബത്തിന്റേയും ഫോട്ടോഷൂട്ടും എന്നുപറഞ്ഞായിരുന്നു സ്‌നാപ്‌സ് ഫോട്ടോഗ്രഫി ആദ്യമായിട്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ പിന്നീട് വിമര്‍ശനങ്ങള്‍ ശക്തമായതോടെ ഇക്കാര്യം എഡിറ്റ് ചെയ്ത് ഒഴിവാക്കുകയായിരുന്നു. ഇതിനെ രാഷ്ട്രീയവത്കരിക്കരുതെന്നും ഡിസംബര്‍ 13 തന്നെ നടത്തിയ ഫോട്ടോഷൂട്ടാണെന്നും സ്‌നാപ്‌സ് തന്നെ കമന്റിലും പറയുന്നുണ്ട്.

10ാം തീയതി ലോക്സഭയും 11ാം തീയതി രാജ്യസഭയും പാസാക്കിയ പൗരത്വ ഭേദഗതി ബില്ലില്‍ 12ാം തീയതി രാത്രിയോടെയാണ് രാഷ്ട്രപതി ഒപ്പ് വെച്ചത്. തൊട്ടുപിന്നാലെ പൗരത്വ ഭേദഗതി നിയമമാക്കി കൊണ്ട് കേന്ദ്രനിയമ മന്ത്രാലയം വിജ്ഞാപനവും ഇറക്കിയിരുന്നു. തൊട്ടുപിന്നാലെയാണ് രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നത്.

കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ലോക്സഭയിലും രാജ്യസഭയിലും ബില്ലിനെതിരെ ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തിയിട്ടും ബില്ല് നിയമമായി മാറിയതിന്റെ നിരാശയില്‍ കഴിയുമ്പോള്‍ ഡിസംബര്‍ 13ാം തീയതി കേരളത്തിലെ തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കാണിച്ച ഉത്തരവാദിത്വമില്ലായ്മയെ പാര്‍ട്ടി അണികളും ഇതോടെ ചോദ്യം ചെയ്യുകയാണ്. കോണ്‍ഗ്രസിന് ഏറ്റവുമധികം എംപിമാരെ സമ്മാനിച്ച കേരളത്തിലെ നേതാവിന്റെ തന്നെ ഈ നടപടിക്കെതിരെ പാര്‍ട്ടിക്കുള്ളിലും വൈകാതെ പൊട്ടിത്തെറി ഉറപ്പായിരിക്കുകയാണ്.

ലോക്സഭയിലും രാജ്യസഭയിലും ശക്തമായ വാദപ്രതിവാദങ്ങള്‍ നടക്കുകയും രാജ്യം പൗരത്വ ഭേദഗതി നിയമത്തിന്റെ ഭാവിയെ കുറിച്ച് ആശങ്കപ്പെടുകയും ചെയ്യുന്നതിനിടെ യുപിഎ കക്ഷികളും സിപിഎം ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും യോജിച്ച് വിവിധ തരത്തിലുള്ള പ്രതിഷേധങ്ങള്‍ രാജ്യമെമ്പാടും സംഘടിപ്പിച്ചിരുന്നു. ഇതിനിടെയിലാണ് കേരളത്തില്‍ പൗരത്വ ഭേദഗതിക്ക് എതിരായ സമരത്തിന് നേതൃത്വം നല്‍കേണ്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഭാര്യയോടും മക്കളോടും മരുമകളോടുമൊപ്പം അത്യാഢംബര റിസോര്‍ട്ടില്‍ ഫോട്ടോഷൂട്ട് നടത്തി വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

പൗരത്വ നിയമത്തിനെതിരെ ആസാമിലും മറ്റ് വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലും യുപിയിലും ബംഗാളിലും വലിയ പ്രക്ഷോഭമാണ് അരങ്ങേറിയത്. ഡല്‍ഹിയിലെ ജാമിയ മിലിയ സര്‍വകലാശാലയും അലിഗഢ് സര്‍വകലാശാലയും ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രതിഷേധങ്ങള്‍ പോലീസ് അടിച്ചമര്‍ത്താന്‍ ശ്രമിച്ചിട്ടും തെല്ലും അടങ്ങിയിട്ടില്ല. കേരളത്തിലും പ്രതിഷേധം ശക്തമാവുകയാണ്.

Exit mobile version