പച്ചക്കള്ളങ്ങള്‍ പറയാതെ മോഡി തെറ്റു തിരുത്താന്‍ തയ്യാറാവണം; എകെ ആന്റണി

മോഡി പ്രതിപക്ഷത്തെയല്ല, രാജ്യത്തെ ജനങ്ങളെയാണ് വെല്ലുവിളിക്കുന്നതെന്നും പച്ചക്കള്ളങ്ങള്‍ പറയാതെ ചെയ്ത തെറ്റു തിരുത്താന്‍ മോഡി തയ്യാറാവണമെന്നും അദ്ദേഹം വ്യക്തമാക്കി

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറയുന്നത് പച്ചക്കള്ളമാണെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. പച്ചക്കള്ളങ്ങള്‍ പറയാതെ തെറ്റു തിരുത്താന്‍ തയ്യാറാവണമെന്നും മോഡിയെ വിമര്‍ശിച്ചുകൊണ്ട് ആന്റണി പറഞ്ഞു.

മാതൃഭൂമി ന്യൂസിനോടാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് മോഡി ഇന്ന് ഡല്‍ഹിയില്‍ നടത്തിയ പ്രസ്താവനയുടെ പശ്ചാത്തലത്തിലായിരുന്നു എകെ ആന്റണിയുടെ പ്രതികരണം. മോഡി പ്രതിപക്ഷത്തെയല്ല, രാജ്യത്തെ ജനങ്ങളെയാണ് വെല്ലുവിളിക്കുന്നതെന്നും പച്ചക്കള്ളങ്ങള്‍ പറയാതെ ചെയ്ത തെറ്റു തിരുത്താന്‍ മോഡി തയ്യാറാവണമെന്നും അദ്ദേഹം വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതി ഇന്ത്യയിലെ പൗരന്മാര്‍ക്കു വേണ്ടിയുള്ളതല്ല, പൗരത്വ നിയമ ഭേദഗതിയും പൗരത്വ രജിസ്റ്ററും ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്ക് ഒരു പ്രയാസവും ഉണ്ടാക്കില്ലെന്നും രാജ്യത്ത് എവിടെയും മുസ്ലിങ്ങള്‍ക്കായി അഭയകേന്ദ്രങ്ങളില്ലെന്നും പ്രധാനമന്ത്രി ഡല്‍ഹിയില്‍ നടന്ന ബിജെപി റാലിയില്‍ പ്രസംഗിച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് മോഡിയുടെ പ്രസ്താവനയില്‍ പ്രതികരണമറിയിച്ച് രംഗത്തെത്തിയത്.

Exit mobile version