‘ പത്തനംതിട്ടയില്‍ അനില്‍ ആന്റണി തോല്‍ക്കണം, ആന്റോ ആന്റണി ജയിക്കണം’ ; കുടുംബം വേറെ രാഷ്ട്രീയം വേറെ എന്ന് എകെ ആന്റണി

താന്‍ പ്രചാരണത്തിന് പോകാതെ തന്നെ പത്തനംതിട്ടയില്‍ ആന്റോ ആന്റണി, വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് എകെ ആന്‍്‌റണി കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം: പത്തനംതിട്ടയില്‍ അനില്‍ ആന്റണി തോല്‍ക്കണമെന്നും, ആന്റോ ആന്റണി ജയിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ ബിജെപിക്കൊപ്പം ചേരുന്നത് തെറ്റെന്നും അദ്ദേഹം പറഞ്ഞു. കുടുംബം വേറെ രാഷ്ട്രീയം വേറെ എന്നാണ് തുടക്കം മുതല്‍ തന്റെ നിലപാട്. താന്‍ പ്രചാരണത്തിന് പോകാതെ തന്നെ പത്തനംതിട്ടയില്‍ ആന്റോ ആന്റണി, വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് എകെ ആന്‍്‌റണി കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാത്തത് ആരോഗ്യ പ്രശ്‌നം കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. നിയമസഭാ തെരഞ്ഞെടുപ്പല്ല. ഇന്ത്യ അടുത്ത അഞ്ച് വര്‍ഷം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ്. തെരഞ്ഞെടുപ്പ് ജീവന്‍ മരണ പോരാട്ടമാണ്. ഡു ഓര്‍ ഡൈ. ഇന്ത്യയെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണ്. ഇന്ത്യയെ സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണ്.

ഇന്ത്യയെന്ന ആശയത്തെ ഞെക്കി ഞെരുക്കി ഇല്ലാതാക്കാനാണ് ശ്രമം. ബിജെപി ഭരണം അവസാനിപ്പിക്കണം. ആര്‍എസ്എസിന്റെ പിന്‍ സീറ്റ് ഡ്രൈവ് അവസാനിപ്പിക്കണം. ഭരണഘടന മൂല്യങ്ങള്‍ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കപ്പെടാനുള്ള തെരഞ്ഞെടുപ്പാണ്.മോദി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ ഭരണഘടനയും ജനാധിപത്യവും അട്ടിമറിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version