ഭരണഘടന കീറിക്കളയണമെന്ന് പറഞ്ഞവരാണ് ഹിന്ദുത്വ നേതാക്കള്‍, അവര്‍ രാജ്യം ഭരിക്കുമ്പോള്‍ ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കാനില്ല; ശശി തരൂര്‍

കോഴിക്കോട് ഡിസിസിയുടെ നേതൃത്വത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ സംഘടിപ്പിച്ച ഭാരത് ബച്ചാവോ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് നേതാവ് ഇക്കാര്യം പറഞ്ഞത്

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോഴിക്കോട് വെച്ച് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷമുണ്ടായ വാര്‍ത്തകള്‍ പുറത്തുവന്നപ്പോഴും പ്രതിഷേധം ഉദ്ഘാടനം ചെയ്ത് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ നടത്തിയ പ്രസംഗം മാധ്യമങ്ങളില്‍ നിറയുന്നു. ഭരണഘടന കീറിക്കളയാന്‍ ആഹ്വാനം ചെയ്തവരും, സംസാരം കേള്‍ക്കാനും, സത്യം കേള്‍ക്കാനും ഇഷ്ടമില്ലാത്തവരും രാജ്യം ഭരിക്കുമ്പോള്‍ ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടെന്നായിരുന്നു ശശി തരൂരിന്റെ വാക്കുകള്‍.

കോഴിക്കോട് ഡിസിസിയുടെ നേതൃത്വത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ സംഘടിപ്പിച്ച ഭാരത് ബച്ചാവോ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് നേതാവ് ഇക്കാര്യം പറഞ്ഞത്. ഭരണഘടന കീറിക്കളയണമെന്ന് പറഞ്ഞവരാണ് ഹിന്ദുത്വ നേതാക്കള്‍. അവരുടെ കാഴ്ചപ്പാടില്‍ ഇന്ത്യയെന്നത് മതേതര രാഷ്ട്രമല്ല, മറിച്ച് ഹിന്ദു രാഷ്ടമാണെന്നും ഇത് നടപ്പിലാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഭരണഘടനയെ മാറ്റി ഹിന്ദുരാജ്യമാക്കാനുള്ള ഈ നീക്കത്തെ എതിര്‍ക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടേയും കടമയാണെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി.

ജനാധിപത്യത്തെ ആദ്യം എതിര്‍ത്തത് സവര്‍ക്കറായിരുന്നു. അതേ പാത തന്നെയാണ് മോഡി സര്‍ക്കാരും പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനത്തിന് ശേഷമാണ് സംഘര്‍ഷമുണ്ടായത്. പ്രതിഷേധക്കാര്‍ ഹെഡ്‌പോസ്റ്റോഫീസിലേക്ക് തള്ളിക്കയറുകയും കല്ലേറ് നടത്തുകയും ചെയ്തു. അപ്രതീക്ഷിതമായി നടന്ന പ്രതിഷേധ പരിപാടിയില്‍ പോലീസും സമ്മര്‍ദ്ദത്തിലായതോടെയാണ് ലാത്തിച്ചാര്‍ജിലേക്കെത്തിയത്. സംഭവത്തില്‍ അറുപതോളം പേരെ പോലീസ് അറസ്റ്റുചെയ്തു.

Exit mobile version