പ്രതിപക്ഷ നേതാവിന്റെ നിലപാട് ഉചിതം, പൗരത്വനിയമ ഭേഗതിക്കെതിരെ കേരളത്തിലെ ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചു നടത്തിയ സമരത്തെ സ്വാഗതം ചെയ്യുന്നു; ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: പരസ്പരം അഭിപ്രായ വ്യത്യാസങ്ങള്‍ ഏറെയുണ്ടെങ്കിലും പൗരത്വനിയമഭേഗതിക്കെതിരെ കേരളത്തിലെ ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചു നടത്തിയ സമരത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ് എടുത്ത തീരുമാനം ഏറെ അനുയോജ്യമാണെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

കാര്യങ്ങള്‍ ഇന്നത്തെ സാഹചര്യങ്ങള്‍ വിലയിരുത്തിയാവണം പരിശോധിക്കേണ്ടത്. ആ സാഹചര്യത്തിലാണ് പൗരത്വനിയമഭേദഗതിക്കെതിരായി നടത്തിയ സമരത്തെ കാണേണ്ടതെന്നും കേരളത്തില്‍ ഭരിക്കുന്നവരുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഏറെയുണ്ടെങ്കിലും അതൊന്നും നോക്കുന്നില്ലെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവ് എടുത്ത നിലപാട് ഉചിതമാണെന്നും ഇത് രാജ്യത്തിന് മുന്നില്‍ നല്ല മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപി ഇതരപാര്‍ട്ടികള്‍ ഒന്നിച്ചുള്ള സമരമാണ് നാട് ആവശ്യപ്പെടുന്നതെന്നും രാജ്യത്തെ മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും നിലനില്‍പ്പിന്റെയും പ്രശ്‌നമായതിനാല്‍ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളെല്ലാം മറന്ന് ഒറ്റക്കെട്ടായാണ് പോരാടേണ്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മംഗളൂരുവില്‍ പ്രതിഷേധം നടത്തിയവരെ വെടിവെച്ച് കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തുന്നിടത്ത് മാധ്യമപ്രവര്‍ത്തകരെ വിലക്കുന്നത് വാര്‍ത്തകള്‍ പുറംലോകത്തെ അറിയിക്കാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്നും ഇത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

Exit mobile version