കാറില്‍ വെച്ച് മുഖത്ത് മുളക് പൊടി സ്‌പ്രേ ചെയ്ത് നാല്‍പ്പത്തഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; മലപ്പുറം സ്വദേശി പിടിയില്‍

തലപ്പുഴ 43-ല്‍, പേര്യയിലേക്ക് പോകുന്ന വഴിയാണ് നാല്‍പ്പത്തഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്

തലപ്പുഴ: മുളകുപൊടി സ്‌പ്രേ ചെയ്ത് നാല്‍പ്പത്തഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവ് പോലീസ് പിടിയില്‍. തലപ്പുഴ വെണ്മണി സ്വദേശിനിയായ 45-കാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ മലപ്പുറം കൊണ്ടോട്ടി തയ്യല്‍ മുജീബ് റഹ്മാന്‍ (44) ആണ് പിടിയിലായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം.

തലപ്പുഴ 43-ല്‍, പേര്യയിലേക്ക് പോകുന്ന വഴിയാണ് നാല്‍പ്പത്തഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ബസ് കാത്തുനില്‍ക്കുകയായിരുന്ന സ്ത്രീയെ കാറിലെത്തിയ മുജീബ് റഹ്മാന്‍ നിര്‍ബന്ധിച്ച് കാറില്‍ കയറ്റുകയായിരുന്നു. പേര്യയിലേക്കാണ് പോകുന്നതെന്നും അവിടെ ഇറക്കാമെന്നും പറഞ്ഞാണ് മുജീബ് സ്ത്രീയെ കാറില്‍ കയറ്റിയത്.

കാറില്‍ കയറിയ ഉടന്‍ തന്നെ മുജീബ് ഇവരുടെ മുഖത്തേക്ക് മുളക് പൊടി സ്‌പ്രേ ചെയ്യുകയായിരുന്നെന്ന് സ്ത്രീ പറയുന്നു. 42-ല്‍ എത്തിയതോടെ കാറിന്റെ ഡോര്‍ ബലമായി തള്ളിത്തുറന്ന് പുറത്തേക്ക് ചാടിയാണ് ഇവര്‍ രക്ഷപ്പെട്ടത്. റോഡരികില്‍ വീണുകിടന്ന സ്ത്രീയെ ഇതുവഴിവന്ന ബസ് യാത്രക്കാരാണ് കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ഇതിനിടെ സംഭവവിവരം നാട്ടുകാര്‍ പേര്യയിലെ നാട്ടുകാര്‍ക്ക് കൈമാറി. നാട്ടുകാരാണ് കാര്‍ തടഞ്ഞ് പേര്യയില്‍നിന്ന് പ്രതിയെ പിടികൂടിയത്. പിന്നീട് ഇയാളെ തലപ്പുഴ പോലീസിന് കൈമാറി. പോലീസ് നടത്തിയ പരിശോധനയില്‍ ഇയാളുടെ കാറില്‍നിന്ന് മൂന്ന് കെട്ട് കഞ്ചാവും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

Exit mobile version