ആലുവയില്‍ മണിപ്പൂര്‍ ഗവര്‍ണര്‍ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു

യൂത്ത് കോണ്‍ഗ്രസ് നേതാവ് പിബി സുനീറിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്

ആലുവ: ആലുവയില്‍ മണിപ്പൂര്‍ ഗവര്‍ണര്‍ നജ്മ ഹെപ്തുള്ളയ്ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. ആലുവ ഗസ്റ്റ് ഹൗസിലെത്തിയ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകരാണ് ഗവര്‍ണറുടെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് പിബി സുനീറിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.

ലക്ഷദ്വീപിലേക്ക് പോകാന്‍ എത്തിയതായിരുന്നു മണിപ്പൂര്‍ ഗവര്‍ണര്‍. രാവിലെ ഏഴരയോടെ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടപ്പോഴായിരുന്നു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. ആലുവ പാലസില്‍ നിന്നും പുറത്തേക്ക് വരികയായിരുന്ന ഗവര്‍ണറുടെ വാഹനവ്യൂഹത്തിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി പ്രതിഷേധിക്കുകയായിരുന്നു. പത്ത് മിനിറ്റോളം ഗവര്‍ണറുടെ വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞു നിര്‍ത്തി.

പോലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് മാറ്റി. അപ്രതീക്ഷിതമായാണ് ആലുവയില്‍ ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടന്നത്. അതേസമയം പൗരത്വ ഭേദഗതി നിയമത്തെ മണിപ്പൂര്‍ സര്‍ക്കാരും അവിടുത്തെ ജനങ്ങളും ഒരേപോലെ സ്വീകരിച്ചു കഴിഞ്ഞെന്നും അവിടെ യാതൊരു പ്രശ്‌നങ്ങളും ഇല്ലെന്നും നജ്മ ഹെപ്തുള്ള പറഞ്ഞു.

Exit mobile version