പിഡബ്ല്യുഡിയുടെ കുറ്റം മാത്രമല്ല; പൊട്ടിയ പൈപ്പ് വാങ്ങിയവർക്കും ഉത്തരവാദിത്വമുണ്ട്; കോടതി വിമർശനത്തിന് എതിരെ മന്ത്രി ജി സുധാകരൻ

G Sudhakaran

തിരുവല്ല: റോഡപകടങ്ങളിൽ ഹൈക്കോടതി കേരള സർക്കാരിനെ വിമർശിച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ജി സുധാകരൻ. റോഡിലെ കുഴി അടയ്ക്കാനുള്ള ഉത്തരവാദിത്വം എല്ലാവർക്കുമുണ്ട്. അപകടം സംഭവിച്ചതിൽ പൊതുമരാമത്ത് വകുപ്പിനും ജല വകുപ്പിനും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്നത് ജഡ്ജിമാരുടെ കുറ്റമാണോ എന്നും അദ്ദേഹം തിരിച്ചടിച്ചു. എറണാകുളം നഗരത്തിന് വേണ്ടി മാത്രം റോഡ് അറ്റകുറ്റപ്പണികൾക്ക് താൻ ഏഴ് കോടി രൂപ കൊടുത്തിട്ടുണ്ടെന്നും കുറേ ജോലികൾ ചെയ്തുകൊണ്ടിരിക്കുകയാണ് എന്നും മന്ത്രി അറിയിച്ചു.

പാലാരിവട്ടത്ത് അപകടമുണ്ടായതിന് കാരണം പൈപ്പ് പൊട്ടിയതാണ്. പിഡബ്ല്യുഡിയുടെ കുറ്റം കൊണ്ടുണ്ടായ കുഴിയല്ല അത്. നാലു മാസമായി പൈപ്പ് പൊട്ടിക്കിടക്കുകയായിരുന്നു. അതിനെ പറ്റി ആരും ചർച്ച ചെയ്യുന്നില്ല. പൊട്ടിയ പൈപ്പ് എന്തിന് വാങ്ങി? ആര് വാങ്ങി? എന്ത് നടപടിയെടുത്തു? എന്നെല്ലാം അന്വേഷിക്കേണ്ടതുണ്ട്. പൊട്ടിയ പൈപ്പുകൾ നാടുമുഴുവനിട്ടവർ സുഖമായി ജീവിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

ഇത്തരത്തിൽ പൈപ്പ് പൊട്ടിയ സ്ഥലത്ത് സൂചനാ ബോർഡ് വെയ്ക്കണം. അത് പിഡബ്ല്യുഡി നിയമമാണ്. അത് എഞ്ചിനീയർമാരുടെ ജോലിയാണ്. അവരത് ചെയ്തില്ല. നമ്മുടെ നാട്ടിൽ ഇതൊക്കെ നടക്കുന്നുണ്ട്. കോടതിയിൽ കേസ് കെട്ടിക്കിടക്കുന്നില്ലേ അത് ജഡ്ജിമാരുടെ കുറ്റമാണോ? മന്ത്രി ചോദിച്ചു.

ഇത്തരം ദാരുണമായ സംഭവങ്ങളിൽ കോടതി പ്രതികരിക്കുക സ്വാഭാവികമാണ്. എന്നാൽ ഇതിൽ എല്ലാവർക്കും ഉത്തരവാദിത്വമുണ്ട്. ഇക്കാര്യങ്ങൾ പൊതുമരാമത്ത് മന്ത്രിയും ധനകാര്യമന്ത്രിയും നിർവഹിച്ചാൽ പോര. ഞങ്ങൾ കാശ് കൊടുത്താൽ പോരെ, ഉദ്യോഗസ്ഥർ അത് നടപ്പിലാക്കണം. അതിനല്ലേ ശമ്പളം കൊടുക്കുന്നത്. കുറ്റം ചെയ്തവരിലേക്കാണ് തിരിയേണ്ടത് എന്നും അദ്ദേഹം വിശദീകരിച്ചു.

Exit mobile version