കാറിടിച്ചു വീണ വിദ്യാർത്ഥിയെ ആശുപത്രിയിൽ കൊണ്ടുപോകും വഴി ടയർ പഞ്ചറായെന്ന് പറഞ്ഞ് ഇറക്കി വിട്ടു; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ചിറ്റൂർ: റോഡരികിൽ നിൽക്കെ കാറിടിച്ചു വീണ് പരിക്കേറ്റ സ്‌കൂൾ വിദ്യാർത്ഥിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ വണ്ടിയിൽ നിന്ന് ഇറക്കിവിട്ട് ക്രൂരത. മറ്റൊരു വാഹനത്തിൽ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടിച്ച വണ്ടിയുടെ ഡ്രൈവർ തന്നെയാണ് ആശുപത്രിയിൽ കൊണ്ടുപോകാമെന്നു പറഞ്ഞ ശേഷം പാതിവഴിയിൽ ഇറക്കിവിട്ട് കടന്നുകളഞ്ഞതെന്നു സൂചനയുണ്ട്. പാലക്കാട് ജില്ലയിലെ ചിറ്റൂർ നല്ലേപ്പിള്ളി കുറുമന്ദാംപള്ളം സുദേവന്റെ മകൻ സുജിത് (12) ആണു മരിച്ചത്.

ഇന്നലെ വൈകിട്ടു നാലരയോടെ കൈതക്കുഴിക്കു സമീപം റോഡരികിൽ നിൽക്കുകയായിരുന്ന സുജിത്തിനെ കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്. റോഡിലേക്കു തെറിച്ചുവീണ കുട്ടിയെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ഇടയ്ക്കു വച്ചു ടയർ പഞ്ചറായെന്നു പറഞ്ഞു കുട്ടിയെയും തന്നെയും ഇറക്കി കാർ യാത്രക്കാർ സ്ഥലം വിടുകയായിരുന്നെന്നു കൂടെ പോയ പരമൻ എന്നയാൾ പറഞ്ഞു.

6 കിലോമീറ്റർ അകലെയുള്ള നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിലേക്കു പോകാനാണു പറഞ്ഞതെങ്കിലും ചെവിക്കൊള്ളാതെ ഡ്രൈവർ പാലക്കാട് ഭാഗത്തേക്കാണു പോയതെന്നു പരമൻ പറഞ്ഞു. എന്നാൽ, അരകിലോമീറ്റർ മുന്നോട്ടു പോയപ്പോഴാണ് ടയർ പഞ്ചറായെന്നും ഇറങ്ങി മറ്റൊരു വാഹനത്തിൽ ആശുപത്രിയിലെത്തിക്കാനും ഡ്രൈവർ പറഞ്ഞത്. ഇതോടെ, പെട്ടെന്ന് ഇറങ്ങി എതിരെ വന്ന വാൻ കൈകാണിച്ചു നിർത്തി നാട്ടുകല്ലിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നു പരമൻ പറഞ്ഞു. മലപ്പുറം റജിസ്‌ട്രേഷനിലുള്ള കാറാണ് ഇടിച്ചതെന്നു പോലീസ് അറിയിച്ചു. കുട്ടിയെ ഇടിച്ച കാറിലെ യാത്രക്കാരെ തിരിച്ചറിഞ്ഞതായും ടയർ പഞ്ചറായതുകൊണ്ടുതന്നെയാണ് വഴിയിൽ ഇറക്കിയതെന്ന് അവർ പറഞ്ഞതായും കസബ എസ്‌ഐ വിപിൻ കെ വേണുഗോപാൽ അറിയിച്ചു. കാർ ഇന്ന് സ്റ്റേഷനിലെത്തിച്ചു തെളിവെടുക്കും.

അപ്പുപ്പിള്ളയൂർ എയുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ സുജിത് ക്ലാസ് കഴിഞ്ഞ ശേഷം, ഇരട്ടക്കുളത്തെ തറവാട്ടിൽ മുത്തശ്ശന്റെ ചരമവാർഷികച്ചടങ്ങുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു. ബാഗ് വീട്ടിൽ വച്ച ശേഷം സമീപത്തു കളിക്കാനായി കൂട്ടുകാരുടെ അടുത്തേക്കു പോകവെയാണ് റോഡരികിൽ വെച്ച് അപകടമുണ്ടായത്. അമ്മ: രാധ. സഹോദരൻ: സൂരജ്.

Exit mobile version