മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും കാമുകിയെ മോചിപ്പിച്ച് വിവാഹം കഴിച്ചു; തൊട്ടടുത്ത ദിവസം ഗഫൂർ സദാചാര ആക്രമണം നടത്തി പണം കവർന്ന കേസിൽ അറസ്റ്റിൽ

വരന്തരപ്പിള്ളി: മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും നിയമ സഹായത്തോടെ കാമുകിയെ മോചിപ്പിച്ച് കഴിഞ്ഞദിവസം രജിസ്ട്രാർ ഓഫീസിൽ വെച്ച് വിവാഹം ചെയ്ത ഗഫൂർ എന്ന യുവാവ് തൊട്ടടുത്ത ദിവസം പണം കവർന്ന കേസിൽ അറസ്റ്റിൽ. കാമുകിയെ ഹേബിയസ് കോർപസ് ഹർജിയിലൂടെ കോടതിയിലെത്തിച്ച് വിവാഹം ചെയ്ത വേലൂപ്പാടം എടകണ്ടൻ വീട്ടിൽ ഗഫൂർ (31) ആണ് സദാചാര ഗുണ്ട ചമഞ്ഞ് യുവാവിന്റെ പണം തട്ടിയ കേസിൽ അറസ്റ്റിലായത്. വയനാട് സ്വദേശിയായ 23കാരനെ ഗഫൂറും സംഘവും നഗ്നനാക്കി ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണവും സ്വർണ്ണ മോതിരവും കവർന്ന കേസിലാണ് അറസ്റ്റുണ്ടായത്.

മേലേപുരയിടത്തിൽ ഹഫീസ് (30), എടകണ്ടൻ വീട്ടിൽ മുഹമ്മദ് റഫീഖ് (29), കാരികുളം കടവ് നൊച്ചി ശ്രുതീഷ് കുമാർ (25) എന്നിവരും കേസിൽ അറസ്റ്റിലായി. ഏപ്രിൽ 7ന് വേലൂപ്പാടത്തെ കാമുകിയുടെ അടുത്തെത്തിയ വയനാട് സ്വദേശിയെ തടഞ്ഞുനിർത്തിയാണ് ഗഫൂറും സംഘവും അതിക്രമം നടത്തി പണം കവർന്നത്. അര പവന്റെ സ്വർണ്ണമോതിരം കൈക്കലാക്കിയ സംഘം ഇയാളുടെ എടിഎം കാർഡ് ഉപയോഗിച്ച് 4900 രൂപയും പിൻവലിച്ചു. പിന്നീട് ബന്ധുവിനെ കൊണ്ട് 15,000 രൂപ ബാങ്കിൽ അടപ്പിച്ച് ആ തുകയും പിൻവലിച്ചു. കഴിഞ്ഞ മാസമാണ് യുവാവ് കേസിൽ പരാതി നൽകിയത്.

യുവാവിന്റെ പരാതിയിൽ കേസെടുത്ത പോലീസ്, എസ്എച്ച്ഒ ജയകൃഷ്ണൻ, എസ്ഐ ഐസി ചിത്തരഞ്ജൻ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയും അറസ്റ്റിലേക്ക് നീങ്ങുകയുമായിരുന്നു. ഗഫൂറുമായി ഏഴ് വർഷം പ്രണയത്തിലായിരുന്ന പെരിന്തൽമണ്ണ സ്വദേശിനിയെ പ്രണയബന്ധം മുടക്കാൻ ബന്ധുക്കൾ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചിരുന്നു. പിന്നീട് കോടതിയുടെ ഇടപെടലിനെ തുടർന്ന് യുവതിയെ മോചിപ്പിച്ച് കഴിഞ്ഞ ദിവസമാണ് ഗഫൂർ സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം ചെയ്തത്.

Exit mobile version