ക്ലാസ് നടക്കുന്നതിനിടെ ഫാന്‍ പൊട്ടി വീണു; അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിയുടെ തലയ്ക്ക് പരിക്ക്

കോട്ടയം: ക്ലാസ് നടക്കുന്നതിനിടെ ഫാന്‍ പൊട്ടി വീണ് വിദ്യാര്‍ത്ഥിയുടെ തലയ്ക്ക് പരിക്കേറ്റു. വടവാതൂര്‍ റബര്‍ ബോര്‍ഡ് കേന്ദ്രീയ വിദ്യാലയത്തിലെ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിയായ രോഹിത് വിനോദി (11)നാണ് പരിക്കേറ്റത്. പരിക്കേറ്റ രോഹിതിനെ അധ്യാപകര്‍ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ക്ലാസ് നടന്നുകൊണ്ടിരിക്കെ രോഹിതിന്റെ തലയില്‍ ഫാന്‍ പൊട്ടി വീഴുകയായിരുന്നു. ഫാനിന്റെ മോട്ടര്‍ ഭാഗത്തെ സ്‌ക്രൂ അഴിഞ്ഞ് ഫാന്‍ താഴേക്കു വീഴുകയായിരുന്നെന്നാണ് നിഗമനം. തലയോട് പുറത്തു കാണുന്ന രീതിയില്‍ മുറിവേറ്റ കുട്ടിയെ അധ്യാപകരും സ്‌കൂള്‍ അധികൃതരും ചേര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചു.

കുട്ടിയുടെ തലയില്‍ 6 സ്റ്റിച്ചുകളുണ്ട്. തലയില്‍ ഭാരം വീണതിനാല്‍ സിടി സ്‌കാന്‍ പരിശോധനയും നടത്തിയിരുന്നു. കുട്ടി സുരക്ഷിതനാണെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് അധ്യാപകര്‍ ആശുപത്രിയില്‍ നിന്നും മടങ്ങിയതെന്നും സംഭവത്തില്‍ പരാതിയില്ലെന്നു രോഹിതിന്റെ മാതാപിതാക്കള്‍ അറിയിച്ചു.

മൂന്ന് വര്‍ഷം മുന്‍പ് പണിത കെട്ടിടത്തിലെ ഫാനാണ് സാങ്കേതിക പ്രശ്‌നം മൂലം താഴെ വീണതെന്ന് പ്രധാനാധ്യാപകന്‍ പറഞ്ഞു. രോഹിത്തിന്റെ അടുത്തിരുന്നിരുന്ന കുട്ടി ഫാന്‍ വീഴുന്നതിന് തൊട്ടുമുന്‍പ് അധ്യാപികയുടെ അടുത്തേക്കു പോയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Exit mobile version