ഷെയിൻ തന്റെ വിഷമങ്ങൾ തുറന്നു പറഞ്ഞു;’അമ്മ’യ്ക്കു തന്നെ തീർക്കാവുന്ന പ്രശ്‌നങ്ങളേയുള്ളൂ; ചർച്ചയ്ക്ക് ശേഷം മന്ത്രി എകെ ബാലൻ

തിരുവനന്തപുരം: നടൻ ഷെയിൻ നിഗത്തിന് നിർമ്മാതാക്കൾ വിലക്കേർപ്പെടുത്തിയത് ഉൾപ്പടെയുള്ള സാഹചര്യത്തിൽ മന്ത്രി എകെ ബാലനും നടൻ ഷെയിൻ നിഗവും കൂടിക്കാഴ്ച നടത്തി. ഷെയ്ൻ നിഗം തന്റെ വിഷമങ്ങൾ തുറന്നു പറഞ്ഞതായി മന്ത്രി പറഞ്ഞു. സിനിമ ഉപേക്ഷിച്ചത് തന്നോടാലോചിക്കാതെയാണ് എന്നാണ് ഷെയ്ൻ പറയുന്നത്. ഈ പ്രശ്‌നങ്ങൾ ബന്ധപ്പെട്ടവർ തന്നെ ചർച്ച ചെയ്ത് പരിഹരിക്കുന്നതാണ് നല്ലത്. സർക്കാർ വേണ്ട സഹായങ്ങൾ നൽകുമെന്നും വിഷയത്തിൽ ‘അമ്മ’യ്ക്കു തന്നെ തീർക്കാവുന്ന പ്രശ്‌നങ്ങളേയുള്ളൂവെന്നും മന്ത്രി പറഞ്ഞു.

സിനിമാ വ്യവസായം സംരക്ഷിക്കാൻ സർക്കാർ നടപടിയെടുക്കുമെന്നും അദ്ദേഹം ഷെയിൻ നിഗവുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ പറഞ്ഞു. അതേസമയം, നിർമ്മാതാക്കളും സംവിധായകരുമായുള്ള പ്രശ്‌നത്തിൽ നടക്കുന്ന ചർച്ച ഏകപക്ഷീയമെന്ന് നടൻ ഷെയ്ൻ നിഗം ആരോപിച്ചു. അവരു പറയുന്നതെല്ലാം റേഡിയോ പോലെ കേൾക്കണം. സിനിമ മുടങ്ങിയതിനെപ്പറ്റി നിർമ്മാതാക്കൾക്കുണ്ടായ മനോവിഷമത്തെപ്പറ്റി ചോദിച്ചപ്പോൾ നിർമ്മാതാക്കൾ മനോവിഷമമല്ല മനോരോഗമാണെന്നായിരുന്നു ഷെയിന്റെ പ്രതികരണം.

അമ്മ തന്റെ സംഘടനയാണ് .’അമ്മ’ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും ഷെയിൻ നിഗം തിരുവനന്തപുരത്ത് പറഞ്ഞു. ചലച്ചിത്രമേളയിൽ തന്റെ ചിത്രങ്ങളായ ഇഷ്‌ക്, കുമ്പളങ്ങി നൈറ്റ്‌സ് എന്നിവയുടെ പ്രദർശനം കാണാനെത്തിയതായിരുന്നു ഷെയിൻ നിഗം.

അതേസമയം, നടൻ ഷെയിൻ നിഗത്തിനെതിരായ നിർമ്മാതാക്കളുടെ നിലപാടിൽ പരിഹാരം തേടി താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ഉടൻ ചേരും. ഇന്ന് കൊച്ചിയിൽ ചേർന്ന അമ്മ ഫെഫ്ക ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം.

Exit mobile version