ക്യാരറ്റിന് കിലോയ്ക്ക് 70, മുരിങ്ങക്കായ 300; കുതിച്ചുയര്‍ന്ന് പച്ചക്കറി വില; ആശ്വാസം പകര്‍ന്ന് കൂര്‍ക്ക

മുമ്പ് കിലോയ്ക്ക് 80 രൂപ വരെയുണ്ടായിരുന്ന കൂര്‍ക്കയ്ക്ക് ഇപ്പോള്‍ 40 രൂപയായിരിക്കുകയാണ്

കൊച്ചി: പച്ചക്കറി വില ദിനംപ്രതി കുതിച്ചുയരുകയാണ്. ഉള്ളിക്ക് വില 100 രൂപയും കടന്നു. മറ്റ് പച്ചക്കറികളും ഇരട്ടിവിലയിലാണ് മാര്‍ക്കറ്റുകളില്‍ ലഭ്യമാകുന്നത്. ഈ സാഹചര്യത്തില്‍ നേരിയ ആശ്വാസം പകരുകയാണ് കൂര്‍ക്ക. മുമ്പ് കിലോയ്ക്ക് 80 രൂപ വരെയുണ്ടായിരുന്ന കൂര്‍ക്കയ്ക്ക് ഇപ്പോള്‍ 40 രൂപയായിരിക്കുകയാണ്.

സീസണ്‍ ആയതോടെ പാലക്കാട്, കോങ്ങാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കൂര്‍ക്ക എത്തുന്നത്. കഴിഞ്ഞയാഴ്ചവരെ കൂര്‍ക്കയ്ക്ക് മാര്‍ക്കറ്റില്‍ കിലോയ്ക്ക് 80 രൂപയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് 40 രൂപയായി കുറഞ്ഞു. കൂര്‍ക്കയുടെ വരവ് വര്‍ധിച്ചതാണ് വില കുറയാന്‍ കാരണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

അതേസമയം സവാള ഉള്‍പ്പെടെയുള്ള മറ്റ് പച്ചക്കറികള്‍ക്ക് വില കുതിച്ചുയരുകയാണ്. ക്യാരറ്റ്, മുരിങ്ങക്കായ എന്നിവയുടെ വില ഇരട്ടിയായി.70 രൂപയാണ് ഒരു കിലോ ക്യാരറ്റിന്റെ വില. ഒരു കിലോ മുരിങ്ങക്കായയ്ക്ക് 300 രൂപയായി വില ഉയര്‍ന്നു. ബീന്‍സ്, അച്ചിങ്ങ, പാവയ്ക്ക് എന്നിവയുടെ വിലയും 50 രൂപയ്ക്ക് മുകളിലെത്തിയതായി വ്യാപാരികള്‍ പറയുന്നു.

Exit mobile version