ട്രാഫിക് നിയമലംഘനം; പിഴ അടച്ചില്ലെങ്കില്‍ ഏഴ് ദിവസത്തിനുള്ളില്‍ പിടിവീഴും; പുതിയ സംവിധാനം ജനുവരി ഒന്ന് മുതല്‍

ഫാസ്ടാഗ്, ജിപിഎസ്, കേന്ദ്ര സര്‍ക്കാരിന്റെ 'വാഹന്‍ സാരഥി' സോഫ്റ്റ് വെയര്‍ എന്നിവയുടെ സഹായത്തോടെയാണ് പുതിയ സംവിധാനം നടപ്പിലാക്കുക

കൊച്ചി: ട്രാഫിക് നിയമലംഘനത്തിന് പിഴ അടക്കാതെ മുങ്ങിയ വാഹനങ്ങള്‍ ഉടന്‍ പിടികൂടാനൊരുങ്ങി അധികൃതര്‍. ഏഴ് ദിവസത്തിനകം പിഴ അടച്ചില്ലെങ്കില്‍ അടുത്ത വര്‍ഷം മുതല്‍ രാജ്യത്ത് എവിടെ വച്ചും പിടികൂടും. ഫാസ്ടാഗ്, ജിപിഎസ്, കേന്ദ്ര സര്‍ക്കാരിന്റെ ‘വാഹന്‍ സാരഥി’ സോഫ്റ്റ് വെയര്‍ എന്നിവയുടെ സഹായത്തോടെയാണ് പുതിയ സംവിധാനം നടപ്പിലാക്കുക.

ട്രാഫിക് നിയമം ലംഘിച്ചതിന് പിഴ അടക്കാതെ മുങ്ങി നടക്കുന്നവര്‍ നിരവധിയാണ്. ഇവരെ പിടികൂടാനൊരുങ്ങുകയാണ് അധികൃതര്‍. പിഴയടയ്ക്കാതെ നിരത്തിലിറക്കുന്ന വാഹനങ്ങള്‍ പോലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും ഇന്റര്‍സെപ്റ്റര്‍ വാഹനത്തിന്റെ 10 മീറ്റര്‍ പരിധിയിലെത്തുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്കു വിവരം ലഭിക്കും.

ഇങ്ങനെ പിടിയിലാകുന്നവര്‍ ഇചലാന്‍ വഴി ഓണ്‍ലൈനില്‍ പിഴ അടച്ചാല്‍ മാത്രമേ യാത്ര അവരെ പിന്നീട് യാത്ര തുടരാന്‍ അനുവദിക്കുകയുള്ളൂ. പിഴവീഴുമ്പോഴും അടയ്ക്കുമ്പോഴും അപ്‌ഡേറ്റ് ആകുന്ന തരത്തില്‍ ‘വാഹന്‍ സാരഥി’യില്‍ വാഹന വിവരങ്ങള്‍ ചേര്‍ക്കും. അത് ഈ മാസം പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പരിശോധനയ്ക്കിടെയോ നേരിട്ട് ഓഫിസോ കോടതിയോ മുഖേനയും അടയ്ക്കുന്ന രീതി ഒഴിവാക്കി പിഴ അപ്പോള്‍തന്നെ ഓണ്‍ലൈനില്‍ അടയ്ക്കാനുള്ള സംവിധാനമാണ് പുതുതായി അവതരിപ്പിക്കുന്നത്.

Exit mobile version