ലക്ഷങ്ങളുടെ സ്വർണ്ണം കളഞ്ഞുകിട്ടിയിട്ടും കണ്ണ് മഞ്ഞളിക്കാതെ യുവാവിന്റെ നന്മ; ജ്വല്ലറി ഉടമയ്ക്ക് തിരികെ നൽകിയത് 72 പവൻ സ്വർണ്ണം; ആദരിച്ച് പോലീസ്

ചെറുതുരുത്തി: ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണം കളഞ്ഞുകിട്ടിയിട്ടും കണ്ണ് മഞ്ഞളിക്കാതെ യുവാവിന്റെ നന്മ. സ്വർണ്ണത്തിന്റെ ഉടമയായ ജ്വല്ലറി ജീവനക്കാരനെ തേടി പിടിച്ച് 72 പവൻ സ്വർണ്ണം കൈമാറിയാണ് ആറ്റൂർ ചേരുംപറമ്പിൽ ഉദയൻ (27)സത്യസന്ധതയുടെ പര്യായമായത്.

ചെറുതുരുത്തി ചുങ്കത്തെ ബിപി ഡിസൈൻ ജീവനക്കാരനായ ഉദയൻ ബൈക്കിൽനിന്ന് കണ്ടെത്തിയ സ്വർണ്ണം പോലീസിന്റെ സാന്നിധ്യത്തിൽ തിരികെ നൽകുകയായിരുന്നു. രാവിലെ ചുങ്കത്തെ ഓഫീസിൽ വന്നു ഒപ്പിട്ട് കമ്പനിയുടെ വർക്ക്് സൈറ്റിലേക്കു പോയതായിരുന്നു സൂപ്പർവൈസറായ ഉദയൻ. ചായ കുടിക്കാൻ വേണ്ടി നിർത്തിയപ്പോൾ ബൈക്കിനു മുന്നിലെ കവർ ബാഗ് പൊങ്ങിനിൽക്കുന്നതു കണ്ടു. പരിശോധിച്ചപ്പോഴാണ് സ്വർണ്ണം അടങ്ങിയ കവർ കണ്ടെത്തിയത്.

ഉടൻ തന്നെ ഷൊർണ്ണൂർ പോലീസ് സ്റ്റേഷനിൽ എത്തി സ്വർണ്ണം കൈമാറുകയായിരുന്നു ഉദയൻ. പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഉദയൻ ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ താഴത്തെ നിലയിലുള്ള ജുവൽ സിറ്റി ജ്വല്ലറിയിലെ സ്വർണ്ണമാണ് ഇതെന്നു തിരിച്ചറിഞ്ഞത്. ജ്വല്ലറിയിൽ വെയ്ക്കാനായി ഉടമ ജലീൽ കൊണ്ടുവന്നതായിരുന്നു ഇത്. ജ്വല്ലറി ഉടമ ഷട്ടറുകൾ തുറക്കുന്ന സമയത്ത് സ്വർണ്ണമടങ്ങിയ കവർ സുരക്ഷിതമായിരിക്കാൻ വേണ്ടി ബൈക്കിനുള്ളിൽ വയ്ക്കുകയായിരുന്നു. ജീവനക്കാർ വാഹനങ്ങൾ പാർക്കുചെയ്യുന്ന ഭാഗത്തുള്ള ബൈക്കിനുള്ളിലാണ് ഇത് വച്ചത്.

എന്നാൽ, തിരക്കിനിടെ ഇത് എടുക്കാൻ മറന്നുപോയി. സ്വർണ്ണം ഇരിക്കുന്നതറിയാതെ ഒപ്പിട്ട് താഴേക്ക് വന്ന ഉദയൻ ബൈക്കുമായി പോവുകയും ചെയ്തു. രേഖകൾ പരിശോധിച്ച പോലീസ് ഉദയന്റെ സാന്നിധ്യത്തിൽ സ്വർണ്ണം ജ്വല്ലറി ഉടമയ്ക്കു തിരികെ നൽകി. യുവാവിനെ അഭിനന്ദിക്കാനും പോലീസ് മറന്നില്ല.

Exit mobile version