കോതമംഗലം പള്ളിയുടെ നിയന്ത്രണം സർക്കാരിന്; ഓർത്തഡോക്‌സ് സഭയ്ക്ക് കൈമാറണം; സംസ്‌കാര ചടങ്ങുകൾക്ക് തടസമുണ്ടാകരുത്; ഹൈക്കോടതി

കൊച്ചി: യാക്കോബായ-ഓർത്തഡോക്‌സ് അധികാര തർക്കം നിലനിൽക്കുന്ന കോതമംഗലം ചെറിയ പള്ളിയുടെ നിയന്ത്രണം സർക്കാർ ഏറ്റെടുത്ത് പോലീസിനെ വിന്യസിക്കണമെന്ന് ഹൈക്കോടതി. പള്ളിയുടെ നിയന്ത്രണം കളക്ടർ ഏറ്റെടുക്കണമെന്നും, പള്ളിയിൽനിന്ന് യാക്കോബായ വിശ്വാസികളെ ഒഴിപ്പിക്കാൻ ആവശ്യമായ നടപടികൾ ജില്ലാ കളക്ടർ സ്വീകരിക്കണമെന്നും ഏറ്റവും വേഗത്തിൽ അക്കാര്യങ്ങൾ പൂർത്തിയാക്കണമെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നു. പോലീസ് സംരക്ഷണം നൽകണമെന്നും സ്ഥിതി ശാന്തമായ ശേഷം ഓർത്തഡോക്‌സ് സഭയ്ക്ക് കൈമാറണമെന്നും ഉത്തരവിൽ പറയുന്നു. മൃതസംസ്‌കാരത്തിനും ചടങ്ങുകൾക്കും തടസമുണ്ടാകരുതെന്നും കോടതി വ്യക്തമാക്കി.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ നിലവിൽ ഓർത്തഡോക്സ് വിഭാഗത്തിനാണ് കോതമംഗലം ചെറിയപള്ളിയുടെ ഉടമസ്ഥാവകാശം. അതിനാൽ പള്ളിയിലെ യാക്കോബായ വിശ്വാസികളെ പൂർണ്ണമായും ഒഴിപ്പിച്ച് പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തശേഷം തോമസ് പോൾ റമ്പാന് പള്ളിക്കകത്ത് കയറി പ്രാർത്ഥന നടത്താൻ അവസരമൊരുക്കണമെന്നും അതിന് സംരക്ഷണം നൽകണമെന്നും ഹൈക്കോടതി നിർദേശം നൽകി.

കോതമംഗലം ചെറിയ പള്ളിയുടെ നിയന്ത്രണം വിട്ടു കിട്ടണം എന്നാവശ്യപ്പെട്ട് ഓർത്തഡോക്‌സ് സഭ നൽകിയ ഹർജിയിലാണ് വിധി വന്നത്. ഓർത്തഡോക്‌സ് സഭ വികാരി തോമസ് പോൾ റമ്പാൻ ആണ് ഹൈക്കോടതിയെ സമീപിച്ചത്.

Exit mobile version