ന്യൂനമര്‍ദ്ദം ശക്തിയാര്‍ജിച്ചു; കേരളത്തില്‍ പരക്കെ മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: അറബിക്കടലില്‍ രണ്ടാമത്തെ ന്യൂനമര്‍ദ്ദവും രൂപപ്പെട്ടതിന്റെ സാഹചര്യത്തില്‍ കേരളത്തില്‍ പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള തീരത്ത് ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ജാഗ്രത നിര്‍ദേശമുണ്ട്.

അറബിക്കടലിന്റെ തെക്കു കിഴക്ക്, തെക്ക് പടിഞ്ഞാറ് ഭാഗത്താണ് ന്യൂനമര്‍ദ്ദങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത്.ഇതില്‍ തെക്കുപടിഞ്ഞാറ് ഭാഗത്തെ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയുണ്ട്. ഇതിന്റെ ഫലമായി കേരള തീരത്ത് മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിന് സാധ്യതയുണ്ട്.

അതാനാല്‍ മത്സ്യത്തൊഴിലാളികള്‍ നാളെ വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ വകുപ്പ് ആവശ്യപ്പെട്ടു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആഫ്രിക്കന്‍ തീരത്ത് മറ്റൊരു ന്യൂനമര്‍ദ്ദവും രൂപപ്പെട്ടിട്ടുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Exit mobile version