വാദിച്ച മുഴുവൻ കൊലക്കേസിലും പ്രതികൾക്ക് ജീവപര്യന്തം വാങ്ങി കൊടുത്തു; നീതിക്കൊപ്പം നിലകൊണ്ട് പബ്ലിക്‌ പ്രോസിക്യൂട്ടർ ഗീത

ആലപ്പുഴ: ഇതുവരെ വാദിച്ച മുഴുവൻ കൊലക്കേസുകളിലും പ്രതികൾക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുത്ത് നീതിക്കൊപ്പം ഉറച്ച് നിൽക്കുകയാണ് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പിപി ഗീത. 2017 ജനുവരിയിലാണ് ആലപ്പുഴ അവലൂക്കുന്ന് സ്വദേശി പിപി ഗീത അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിതയാകുന്നത്. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായ ശേഷം വാദിച്ച 9 കേസുകളിലും പ്രതികൾക്ക് ജീവപരന്ത്യം ശിക്ഷയാണ് ഇവർ ഉറപ്പുവരുത്തിയത്.

കേരളത്തിൽ തന്നെ ഏറെ കോളിളക്കമുണ്ടാക്കിയ കണിച്ചുകുളങ്ങരമോഡലിൽ ഒറ്റമശ്ശേരിയിലുണ്ടായ ഇരട്ടകൊലപാതകത്തിലും ഗീതയായിരുന്നു പബ്ലിക് പ്രോസിക്യൂട്ടർ. ഈ കേസിൽ 5 പ്രതികൾക്ക് ജീവപര്യന്തമാണ് ഗീതയുടെ വാദത്തിന്റെ ബലത്തിൽ പ്രതികൾക്ക് ലഭിച്ചത്. ഏറ്റവും ഒടുവിലായി ഗീത വാദിച്ച കേസിലും പ്രതിക്ക് ജീവപര്യന്തം ശിക്ഷയാണ് കിട്ടിയത്. വസ്തു തർക്കത്തെ തുടർന്ന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ അമ്പലപ്പുഴ സ്വദേശി സന്ദീപ് എന്ന സൽമാന് ജീവപര്യന്തം തടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.

ഇതിന് മുൻപ് വാദിച്ച തൃക്കുന്നപ്പുഴ സുനിൽകുമാർ വധക്കേസിൽ പ്രതികളായ സഹോദരൻമാർക്കും ജീവപര്യന്തം ശിക്ഷ ലഭിച്ചു. കൈനകരി ജയപ്രകാശ് വധം, ചുങ്കം ഷാപ്പ് ജീവനക്കാരന്റെ കൊലപാതകം, അമ്പലപ്പുഴ സ്വദേശി ഷാജിമോന്റെ കൊലപാതകം, പുളിങ്കുന്ന് സ്വദേശി സുരേഷിന്റെ കൊലപാതകം, ചേർത്തലയിൽ മുരുകനെ കൊന്ന സംഭവം ഈ കേസിലെല്ലാം പ്രതികൾക്ക് ജീവപര്യന്തമായിരുന്നു ശിക്ഷ. ഇവയിലെല്ലാം തന്നെ ഗീതയായിരുന്നു അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ.

Exit mobile version